ഇടപ്പള്ളി: അടച്ച കുഴികൾ ഓരോന്നും മഴയിൽ വീണ്ടും പൊട്ടിപൊളിഞ്ഞതോടെ ഇടപ്പള്ളി റെയിൽവേ പാലത്തിൽ കുരുക്കോട് കുരുക്ക്.കുഴികൾ മറി കടന്നു പോകുന്നതോടെ ഇടപ്പള്ളി റെയിൽവേ പാലത്തിൽ വാഹനങ്ങളുടെ ഗതാഗത കുരുക്ക് രൂക്ഷമാകുന്നു. പാലത്തിന്റെ മുകൾ ഭാഗത്തെ ടാറിംഗ് പൂർണ്ണമായും ഇളകി ചെറു കുഴികൾ രൂപപ്പെട്ടിരിക്കുകയാണ് .ഈ കുഴികളിലകപ്പെട്ടു വാഹനങ്ങൾക്ക് പെട്ടന്ന് മുന്നോട്ടു പോകാനാകുന്നില്ല .ഇതുമൂലം ഒന്നിന് പിറകെ ഒന്നായി വാഹനങ്ങളുടെ നിര പാലത്തിനു ഇരുവശത്തും രൂപപ്പെടുന്നതോടെ ഗതാഗത രൂക്ഷമായി മാറുന്നു .
ഗതാഗതം താറുമാറാകുന്നു
തിരക്കേറിയ രാവിലെയും വൈകിട്ടും വാഹനങ്ങളുടെ നിര കുന്നുംപുറവും ഇടപ്പള്ളി കവല വരെയും നീളുന്നു .പാലത്തിലൂടെ കഷ്ടിച്ച് രണ്ടു വാഹനങ്ങൾക്ക് മാത്രമേ കടന്നു പോകാനയിടമുള്ളൂ.ഇവിടെ ഒരു ഇരുചക്ര വാഹനം അപകടത്തിൽ പെട്ടാൽപോലും പൂർണമായും ഗതാഗതം തടസപെടുന്ന അവസ്ഥയാണ് .ദിവസേന ആയിരകണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന ഈ റോഡിനെ ദേശീയ പാത അതോറിട്ടി അധികൃതർ തഴഞ്ഞ മട്ടിലാണ് .
മഴയിൽ വീണ്ടും തകർന്നു
യാത്രക്കാരും നാട്ടുകാരും നിരവധി തവണ പരാതികൾ അധികൃതർക്ക് നൽകിയിട്ടുണ്ടെങ്കിലും ഒരു നടപടികളുമുണ്ടായിട്ടില്ല .ശക്തമായ പ്രതിഷേധം ഉയർന്നപ്പോൾ അടുത്തകാലത്ത് പാലത്തിനു മുകളിലെ കുഴികളിൽ കോൺക്രീറ്റ് ഇട്ടു ഓട്ടയടച്ച് താൽക്കാലിക പരിഹാരം കണ്ടെത്തുകയായിരുന്നു. എന്നാൽ മഴ പെയ്തതോടെ വീണ്ടും തകർന്നു.
ഇടറോഡുകളിലെ ഗതാഗതം തടസ്സപ്പെട്ടു
പാലത്തിലെ കുരുക്ക് രണ്ടു കവലകളിൽ ഗതാഗതം താറുമാറാക്കുകയാണിപ്പോൾ.വാഹനങ്ങളുടെ നിര കുന്നും പുറത്തു സിഗ്നലും കടന്നു നിൽക്കുന്നത് മൂലം ഇട റോഡുകളിലേക്കൊന്നും മറ്റു വാഹനങ്ങൾക്ക് പ്രവേശിക്കാൻ പറ്റാത്ത അവസ്ഥയാണ് .ഇവിടെയുള്ള രണ്ടു പ്രധാന ആശുപത്രികളിലേക്ക് വരുന്ന ആംബുലൻസുകളും മണിക്കൂറോളം നടുറോഡിൽ കിടന്നു വലയുന്ന അവസ്ഥയാണ് .പലപ്പോഴും നാട്ടുകാർ രംഗത്തെയിറങ്ങിയാണ് തടസങ്ങൾ ഒഴിവാക്കുന്നത് . ഇടപ്പള്ളി അൽ അമീൻ സ്കൂളിന്റെ ഭാഗത്തും ഇതേ അവസ്ഥയാണ് . ഇവിടെ നിയന്ത്രണത്തിന് പൊലീസിനെ നിയോഗിച്ചിട്ടുണ്ടങ്കിലും നിസഹായരായി നോക്കി നിൽക്കേണ്ട സ്ഥിതിയാണ് .
ഫണ്ടില്ലെന്ന വാദത്തിൽ തൂങ്ങി അധികൃതർ
റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ വൈകുന്നത് സാമ്പത്തിക പ്രശ്നങ്ങളാണെന്നാണ് ദേശീയ പാത അതോറിട്ടി അധികൃതരുടെ വാദഗതി . പാലത്തിനോട് ചേർന്നുള്ള നടപ്പാത വരെ കാടുമൂടി കിടക്കുകയാണ്. ഇതിനായി ആലുവയിലെ ഡിവിഷൻ ഇൻജിനീയറെ ചുമതലപെടുത്തിയിട്ടുണ്ടെന്നാണ്
എക്സിക്യൂട്ടീവ് ഇൻജിനീയറുടെ വിശദീകരണം .