പിറവം : കേരള വാട്ടർ അതോറിറ്റിയുടെ പിറവത്തെ പ്രോജക്ട് ഡിവിഷണൽഓഫീസ് പാലക്കാട് ചിറ്റൂരിലേക്ക് മാറ്റുന്ന പശ്ചാത്തലത്തിൽ മെയിൻറനൻസ് ഡിവിഷൻ പിറവത്ത് ആരംഭിക്കണമെന്ന് ആൾ കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (എ.ഐ.ടി.യു.സി) ഡിവിഷൻ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു,

പിറവം, പുത്തൻകുരിശ് സബ് ഡിവിഷനുകൾ കൂടി ഉൾപ്പെടുത്തി പിറവം മെയിന്റനൻസ് ഡിവിഷൻ രൂപീകരിക്കണം .പിറവത്ത് നിലനിർത്തിയിട്ടുള്ള പ്രോജക്ട് സബ്ബ് ഡിവിഷന്റെ ചുമതല പെരുമ്പാവൂർ ഡിവിഷന് നൽകാതെ 150 ഓളം കി.മീ. ദൂരത്തുള്ള കട്ടപ്പന ഡിവിഷന്റെ ചുമതലയിലാക്കിയത് തികച്ചും അപ്രയോഗികമായ തീരുമാനമാണ്. . പിറവത്തെ പ്രോജക്ട് ഡിവിഷൻ ഇല്ലാതായതോടെ പിറവം, മുവാറ്റുപുഴ ,കോതമംഗലം നിയോജക മണ്ഡലങ്ങളിലെ പുതിയ പദ്ധതികളുടെ നിർമ്മാണ ചുമതല ഇടുക്കി ജില്ലയിലെഅഞ്ച് നിയോജക മണ്ഡലങ്ങളിലെ പദ്ധതി നിർമ്മാണ ചുമതല വഹിക്കുന്ന കട്ടപ്പന ഡിവിഷന്റെ ചുമതലയിലാക്കുന്നത് തികച്ചും അപ്രായോഗികമാണ്. ഇത് പദ്ധതി നടത്തിപ്പിനെ പ്രതികൂലമായി ബാധിക്കും. ഭൂമിശാസ്ത്ര പരമായ പ്രത്യേകതകൾ കണക്കിലെടുത്ത് പിറവം, മുവാറ്റുപുഴ, കോതമംഗലം നിയോജക മണ്ഡലങ്ങളിലെ പ്രോജക്ട് നിർമ്മാണ ചുമതല കൂടിപിറവത്ത് മെയിന്റനൻസ് ഡിവിഷനെ ഏൽപ്പിക്കണമെന്ന് എ.ഐ.ടി .യു.സി.ആവശ്യപ്പെട്ടു.

പ്രസിഡന്റ് ഇ വി.അജികുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എം.എം.ജോർജ് ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി ഷൈജു മൈക്കിൾ, പ്രസിഡൻറ് ടി.യു അനീഷ് കുമാർ , സംസ്ഥാന കമ്മിറ്റിയംഗം മനീഷ് കുമാർ ,ഡിവിഷൻ ഭാരവാഹികളായ മനു മാധവൻ, അനീഷ്.എൻ.നായർ, പി. കെ.റെജി, എൻ.കെ.ബിജു, എം.ഒ.ആൻസി തുടങ്ങിയവർ പ്രസംഗിച്ചു.

കൂത്താട്ടുകുളം കേന്ദ്രമാക്കി സബ്ബ് ഡിവിഷൻ പുന:സ്ഥാപിക്കണം

പിറവം, മുവാറ്റുപുഴ, കോതമംഗലം നിയോജക മണ്ഡലങ്ങളിലെ പ്രോജക്ട് നിർമ്മാണ ചുമതല മെയിന്റനൻസ് ഡിവിഷനെ ഏൽപ്പിക്കണം