കൊച്ചി: പാലാരിവട്ടം ഫ്ളൈ ഓവർ നിർമ്മിച്ച സ്വകാര്യ കമ്പനിക്ക് മുൻകൂറായി 8.25 കോടി രൂപ നൽകാൻ അനുമതി നൽകിയത് പൊതുമരാമത്ത് മന്ത്രിയായിരുന്ന വി.കെ. ഇബ്രാഹിം കുഞ്ഞാണെന്ന് മുൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ. സൂരജ് ഹൈക്കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിൽ ആരോപിച്ചു.
ഈ കേസിൽ ടി.ഒ. സൂരജിനു പുറമേ റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷൻ കേരളയുടെ അസി. ജനറൽ മാനേജർ എം.ടി. തങ്കച്ചനും നൽകിയ ജാമ്യ ഹർജികളിൽ സിംഗിൾബെഞ്ച് വിജിലൻസിന്റെ വിശദീകരണം തേടി.
ടി.ഒ. സൂരജ്, എം.ടി. തങ്കച്ചൻ, കിറ്റ്കോയുടെ ജോയിന്റ് ജനറൽ മാനേജർ ബെന്നി പോൾ എന്നിവർ ഒൗദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ഗൂഢാലോചന നടത്തി നിർമ്മാണക്കമ്പനിയായ ആർ.ഡി.എസ് പ്രോജക്ട്സിന് അന്യായ നേട്ടമുണ്ടാക്കി കൊടുത്തെന്നാണ് വിജിലൻസ് കേസ്. മുൻകൂറായി നിശ്ചിത തുക നൽകണമെന്ന് കരാറിൽ വ്യവസ്ഥയില്ലാതിരിക്കെ കമ്പനിക്ക് 8.25 കോടി രൂപ നൽകിയെന്നാണ് സൂരജിനെതിരെയുള്ള ആരോപണം.
ആഗസ്റ്റ് 30 നാണ് സൂരജിനെയും എം.ടി. തങ്കച്ചനെയും വിജിലൻസ് അറസ്റ്റ് ചെയ്തത്. 18 ദിവസമായി ജയിലിലാണെന്നും ചോദ്യം ചെയ്യൽ പൂർത്തിയായതിനാൽ കസ്റ്റഡിയിൽ തുടരേണ്ട സാഹചര്യമില്ലെന്നും ജാമ്യാപേക്ഷയിൽ പറയുന്നു. ഇവരുടെ ജാമ്യാപേക്ഷ സെപ്തംബർ ഏഴിന് മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളിയിരുന്നു.
സൂരജിന്റെ ഹർജിയിലെ ആരോപണങ്ങൾ
മുൻകൂർ തുകയാവശ്യപ്പെട്ട് കമ്പനി റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷനു നൽകിയ അപേക്ഷ അസിസ്റ്റന്റ് സെക്രട്ടറി, ഡെപ്യൂട്ടി സെക്രട്ടറി, അഡി. സെക്രട്ടറി എന്നിവർ പരിശോധിച്ച ശേഷമാണ് തന്റെ മുന്നിലെത്തിയത്.
സീനിയർ ഐ.എ.എസ് ഉദ്യോഗസ്ഥനടക്കമുള്ളവർ പരിശോധിച്ച അപേക്ഷ ഒപ്പിട്ട് പൊതുമരാമത്ത് മന്ത്രിക്ക് നൽകി.
പലിശയൊന്നും ഈടാക്കാതെ 8.25 കോടി രൂപ മുൻകൂർ നൽകാൻ അനുമതി നൽകിയത് മന്ത്രിയാണ്.
പിന്നീട് താനാണ് ഇതിന് സേവിംഗ്സ് ബാങ്ക് നിക്ഷേപങ്ങൾക്കുള്ള പലിശയെക്കാൾ രണ്ടു ശതമാനം കൂടുതൽ ഈടാക്കാൻ നിർദ്ദേശിച്ചത്.
മുൻകൂർ തുക കരാറുകാരുടെ ആദ്യ നാലു ബില്ലിൽ നിന്ന് തിരിച്ചു കിട്ടി. പുറമേ പലിശയായി 8.25 ലക്ഷം രൂപ കൂടി ലഭിച്ചു.
എസ്.ബി.ഐയിൽ അഞ്ച് ശതമാനം പലിശയ്ക്ക് കേരള റോഡ് ഫണ്ട് ബോർഡ് നിക്ഷേപിച്ചിരുന്ന തുകയ്ക്ക് ഏഴ് ശതമാനം പലിശ ലഭിച്ചതിനാൽ സർക്കാരിന് നഷ്ടമുണ്ടായെന്ന വാദം ശരിയല്ല.
ഇടപ്പള്ളി ഫ്ളൈ ഓവർ നിർമ്മാണത്തിന് 25 കോടി രൂപ മുൻകൂർ നൽകിയത് പലിശയില്ലാതെയാണ്. ഇത് നിർമ്മിച്ചത് ഡി.എം.ആർ.സിയാണ്.