കൊച്ചി : പാലാരിവട്ടം ഫ്ളെെഓവർ പൊളിക്കലും പുനർനിർമ്മാണവും നീളും. മേൽനോട്ടച്ചുമതല മെട്രോമാൻ ഇ. ശ്രീധരനാണെങ്കിലും നിർമ്മാണത്തിനും സൂപ്പർവെെസിംഗിനും വിദഗ്ദ്ധ ഏജൻസിയെ നിയമിക്കാനാണ് സർക്കാർ പദ്ധതി. ഏജൻസിയെ തിരഞ്ഞെടുക്കുവാനുള്ള പൂർണ അധികാരം ഇ. ശ്രീധരനാണ്. എങ്കിലും സർക്കാർ ഉത്തരവ് ഇറങ്ങണം.
സെക്രട്ടറിമാർ ടൂറിൽ
പി.ഡബ്ളു.ഡി സെക്രട്ടറി കമല വർദ്ധന റാവുവും അഡീഷണൽ സെക്രട്ടറിമാരും ഈ മാസം 16 മുതൽ സംസ്ഥാനത്തിനു പുറത്ത് ടൂറിലാണ്. 21നേ തിരികെ വരൂ. ഇതിന് ശേഷമേ ഫയലുകൾക്ക് അനക്കം വയ്ക്കൂ.
# പൊളിക്കൽ വെല്ലുവിളി ,സാങ്കേതിക പഠനം അനിവാര്യം
ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന പാലാരിവട്ടം ജംഗ്ഷനിലെ പാലം പൊളിക്കുക ഏറെ ബുദ്ധിമുട്ടേറിയ കാര്യമാണ്. സാങ്കേതിക പഠനം ആവശ്യമാണെന്ന് ആർ.ബി.ഡി.സി.കെ എം.ഡി അലക്സ് ജോസഫ് പറഞ്ഞു. പൊളിക്കുന്ന അവശിഷ്ടങ്ങൾ എന്തിനൊക്കെ ഉപയോഗപ്പെടുത്താം എന്ന കാര്യത്തിലും കൃത്യമായ തീരുമാനം ഉണ്ടാകണം.
ഗതാഗത തടസം ഒഴിവാക്കാൻ റോഡിന്റെ ഇരു വശത്തും വീതി കൂട്ടണം. നിലവിലെ ഓട്ടോറിക്ഷ സ്റ്റാന്റ് , ബസ് സ്റ്റോപ്പ് എന്നിവ മാറ്റി സ്ഥാപിക്കണം. റോഡ് ഓരങ്ങൾ ടാർ ചെയ്ത് ബലപ്പെടുത്തണം . കുറഞ്ഞത് ഒരുമാസമെങ്കിലും ഇതിനായി വേണ്ടിവരും.
മലിനീകരണം കുറയ്ക്കാനും സുരക്ഷയ്ക്കുമായി പാലത്തിന്റെ ഇരുവശങ്ങളിലും മറ ഉണ്ടാക്കണം.
# അവശിഷ്ടങ്ങൾ റോഡിനും കടൽഭിത്തിക്കും
പൂർണമായും മാറ്റേണ്ടിവരുന്ന പാലാരിവട്ടം ഫ്ളെെഓവറിലെ 17 ഗർഡറുകളും കടൽ ഭിത്തിക്കായി ഉപയോഗിക്കാനാണ് ഇ. ശ്രീധരന്റെ തീരുമാനം. ഇത് എവിടെ വേണമെന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകണം. അതിലും വലിയ വെല്ലുവിളിയാണ് ഭാരം കൂടിയ ഇവ നിർദ്ദിഷ്ട സ്ഥലത്ത് എത്തിക്കുകയെന്നത് .
കോൺക്രീറ്റ് അവശിഷ്ടങ്ങൾ പുതിയ റോഡുകൾക്കൊ നിലവിലെ റോഡുകൾ വീതിക്കൂട്ടുമ്പോഴൊ അടിത്തറ ഒരുക്കാനാണ് നീക്കം.