തൃക്കാക്കര: മരട് ഫ്ലാറ്റ് വിഷയത്തിൽ സംസ്ഥാന സർക്കാർ ഇരയോടൊപ്പം നിന്നിട്ട് ആരാച്ചാരുടെ പണിയാണ് ചെയ്യുന്നതെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.ഗോപകുമാർ പറഞ്ഞു.മരടിലെ ഫ്ലാറ്റ് ഉടമകളുടെ സത്യാഗ്രഹ സമരത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം 350 ഓളം വരുന്ന ഇവിടുത്തെ കുടുംബങ്ങളോട് ആത്മാർത്ഥത ഉണ്ടെങ്കിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ പുനപരിശോധന ഹർജി നൽകണം. മൂന്നംഗ എക്സ്പെർട്ട് കമ്മിറ്റിയുടെ കണ്ടെത്തലിൽ പിശകുകളുണ്ടെന്നും, പുതിയ കമ്മിറ്റിയെ നിയമിച്ച് 90 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്നും സുപ്രീം കോടതിയിൽ ആവശ്യപ്പെടണം.ഈ കാര്യത്തിൽ പ്രതിപക്ഷ നേതാവിന്റെ അഭിപ്രായങ്ങൾ അറിയുവാൻ ജനത്തിന് താൽപര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുറ്റക്കാരായ ഉദ്യോഗസ്ഥരെയും, നിർമ്മാതാക്കളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണം എന്നും ശ്രീ. വി ഗോപകുമാർ ആവശ്യപ്പെട്ടു. ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് എ.ബി ജയപ്രകാശ് ജില്ലാ ജോയിൻ സെക്രട്ടറി അഡ്വ ശ്രീകുമാർ തട്ടാരത്ത് മണ്ഡലം പ്രസിഡന്റുമാരായ കെ.എസ് വിജയൻ,എം.ആർ സത്യൻ മണ്ഡലം ജനറൽ സെക്രട്ടറി സി സതീശൻ മഹിളാ സേന സംസ്ഥാന സമിതി അംഗം പമീല സത്യൻ ബിറ്റി ഹരിദാസ്, കെ.എം ബിജു, എം. ബി ജിനീഷ്, ധന്യാ ഷാജി, ദിലീപ് കുമാർ, ജോണി ആന്റണി തുടങ്ങിയവർ പങ്കെടുത്തു.