ആലുവ: എൺപതുകളുടെ തുടക്കം മുതൽ രണ്ടു പതിറ്റാണ്ടോളം മലയാള സിനിമയിൽ നായകനായും പ്രതിനായകനായും തിളങ്ങിയ നടൻ സത്താറിന് (67) ചലച്ചിത്രലോകത്തിന്റെ അഞ്ജലി. ആലുവ ദേശം സി.എ ഹോസ്പിറ്റലിൽ ഇന്നലെ പുലർച്ചെ 3.50 നായിരുന്നു അന്ത്യം. അർബുദത്തെ തുടർന്ന് രണ്ടു വർഷത്തോളമായി ചികിത്സയിലായിരുന്നു. ഭൗതികദേഹം വൈകിട്ട് പടിഞ്ഞാറെ കടുങ്ങല്ലൂർ ജുമാ മസ്ജിദിൽ കബറടക്കി.
1975 ൽ എം. കൃഷ്ണൻനായർ സംവിധാനം ചെയ്ത 'ഭാര്യയെ ആവശ്യമുണ്ട്' എന്ന ചിത്രത്തിലൂടെയായിരുന്നു സത്താറിന്റെ സിനിമാ പ്രവേശം. തൊട്ടടുത്ത വർഷം 'അനാവരണ'ത്തിലൂടെ നായകനായി. ശരപഞ്ജരം ഉൾപ്പെടെയുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സത്താറിന് പിന്നീട് ലഭിച്ചതിലധികവും വില്ലൻ വേഷങ്ങളായിരുന്നു. തമിഴ്, തെലുങ്ക് ഭാഷകളിൽ ഉൾപ്പെടെ മുന്നൂറിലേറെ സിനിമകളിൽ അഭിനയിച്ചു. നാല് ചിത്രങ്ങളുടെ നിർമ്മാതാവുമാണ്. ദീർഘമായ ഇടവേളയ്‌ക്കു ശേഷം 22 ഫീമെയിൽ കോട്ടയം, നത്തോലി ചെറിയ മീനല്ല എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. 2014 ൽ പുറത്തിറങ്ങിയ 'പറയാൻ ബാക്കിവച്ചത്' ആണ് അവസാന ചിത്രം.
വെള്ളിത്തിരയിൽ നായികാനായകന്മാരായി തിളങ്ങിനിൽക്കുമ്പോഴാണ് 1979 ൽ സത്താറും ജയഭാരതിയുമായുള്ള പ്രണയവിവാഹം. ചലച്ചിത്രനടൻ കൂടിയായ കൃഷ് ജെ. സത്താർ ആണ് മകൻ. സത്താറും ജയഭാരതിയും ജീവിതത്തിൽ പിന്നീട് വഴിപിരിഞ്ഞെങ്കിലും ആ സൗഹൃദം ജീവിതാന്ത്യം വരെ നിലനിന്നു. ഒരു മാസത്തോളമായി ആലുവ ആശുപത്രിയിൽ സാന്ത്വന ചികിത്സയിൽ കഴിഞ്ഞ സത്താറിനെ പരിചരിച്ചതും ജയഭാരതിയാണ്. ആലുവ കടുങ്ങല്ലൂർ വാരപ്പറമ്പിൽ ഖാദർപിള്ളയുടെയും ഫാത്തിമയുടെയും പത്തു മക്കളിൽ ഒമ്പതാമനായിരുന്നു സത്താർ.
മമ്മൂട്ടി, പൃഥ്വിരാജ്, സിദ്ദിഖ്, കലാഭവൻ അൻസാർ, കലാഭവൻ റഹ്മാൻ, കലാഭവൻ ടോണി, സംവിധായകരായ ബൈജു കൊട്ടാരക്കര, അക്കു അക്ബർ, എഴുത്തുകാരൻ ശ്രീമൂലനഗരം മോഹൻ, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ അൻവർ സാദത്ത്, പി.ടി. തോമസ് തുടങ്ങി ചലച്ചിത്ര, സാംസ്കാരിക, രാഷ്‌ട്രീയരംഗങ്ങളിലെ പ്രമുഖർ സത്താറിന് അന്തിമോപചാരം അർപ്പിക്കാനെത്തി.