കൊച്ചി: സൈബർ സുരക്ഷാ രാജ്യാന്തര കോൺഫറൻസായ കൊക്കൂൺ 12 മത് എഡിഷൻ 25 മുതൽ 28 വരെ കൊച്ചി ഗ്രാൻഡ് ഹയാത്തിൽ നടക്കും. ആദ്യ രണ്ടുദിവസം സൈബർ സുരക്ഷാരംഗത്തെ വിഷയങ്ങളെക്കുറിച്ചുള്ള വർക്ക്‌ഷോപ്പുകളും 27, 28 തീയതികളിൽ രാജ്യാന്തര കോൺഫറൻസും നടക്കുമെന്ന് സംഘാടക സമിതി വൈസ് ചെയർമാനും എ.ഡി.ജി.പിയുമായ മനോജ് എബ്രഹാം അറിയിച്ചു.
കേരളാ പൊലീസ്, സംസ്ഥാന ഐ.ടി മിഷൻ, സൊസൈറ്റി ഫോർ പൊലീസിംഗ് ഒഫ് സൈബർ സ്പേസ് സംയുക്തമായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ലോകത്താകമാനമുള്ള സൈബർ കുറ്റകൃത്യങ്ങളിലെ പുതിയ രീതികളെക്കുറിച്ചുള്ള ചർച്ചകൾക്കാണ് പ്രാമുഖ്യം.
ലോകത്തിലെയും രാജ്യത്തെയും വിവിധ പൊലീസ്, സുരക്ഷാ സേനകളിൽ നിന്നുള്ള പ്രഗത്ഭരായ പ്രഭാഷകർ, ലോകമെമ്പാടുമുള്ള നിരവധി പ്രമുഖ വ്യക്തികൾ, സാങ്കേതിക വിദഗ്ദ്ധർ എന്നിവർ ഉൾപ്പെടെ പങ്കെടുക്കും. ഇന്നത്തെ സൈബർസ്പേസ് സുരക്ഷയുടെയും ഡാറ്റാ സ്വകാര്യതയുടെ വെല്ലുവിളികളെയും പരിഹാരങ്ങളെയും കുറിച്ച് ചർച്ച നടക്കും.
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പൊലീസ് ഓഫീസർമാർ, എൻ.ഐ.എ, സി.ബി.ഐ, ഇന്റലിജൻസ് ബ്യൂറോ, റോ, എൻ.സി.ആർ.ബി, ബി.പി.ആർ, ഡി, സി.ആർ.ടി-ഇൻ എന്നിവയിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും. പത്രസമ്മേളനത്തിൽ സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെയും പങ്കെടുത്തു. സമ്മേളനത്തിനിടെ കൊച്ചി സൈബർ ഡോം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.