ആലുവ: സിനിമാലോകത്തെ ആലുവയുടെ ആദ്യ സാന്നിദ്ധ്യമായിരുന്നു ഇന്നലെ അത്തരിച്ച സത്താർ. ആലുവ കടുങ്ങല്ലൂർ സ്വദേശിയായ സത്താർ 1975ൽ 23-ാമത്തെ വയസിലാണ് സിനിമയിലെത്തുന്നത്. എം. കൃഷ്ണൻനായർ സംവിധാനം ചെയ്ത 'ഭാര്യയെ ആവശ്യമുണ്ട്' എന്ന സിനിമയിലൂടെയായിരുന്നു തുടക്കം. അക്കാലത്ത് ആലുവക്കാരായ ആരും ഇന്നത്തേതുപേലെ സിനിമാലോകത്ത് സജീവമായിരുന്നില്ല. ഇന്ന് മലയാള സിനിമയെ നിയന്ത്രിക്കുന്നവർ ഉൾപ്പെടെ നിരവധി ആലുവക്കാർ ഈ മേഖലയിലുണ്ട്.
ആലുവ വെസ്റ്റ് കടുങ്ങല്ലൂർ ഗവ. ഹൈസ്‌കൂളിലായിരുന്നു സത്താറിന്റെ പ്രാഥമിക വിദ്യാഭ്യാസം. ആലുവ യു.സി കോളേജിൽ നിന്ന് ഹിസ്റ്ററിയിൽ എം.എ ബിരുദം നേടിയ ശേഷമാണ് സത്താർ അഭിനയമേഖലയിലേക്ക് ചുവടുവയ്ക്കുന്നത്. 1976ൽ വിൻസെന്റ് മാസ്റ്റർ സംവിധാനം ചെയ്ത 'അനാവരണം' എന്ന സിനിമയിൽ നായകനായത് സത്താറിന്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായി. തുടർന്ന് നായകനായും സഹനായകനായും വില്ലനായും, സ്വഭാവനടനായുമെല്ലാം അദ്ദേഹം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ഏകദേശം മുന്നൂറോളം ചിത്രങ്ങൾ. അനാവരണം, ശരപഞ്ജരം, ലാവ എന്നിവയിലൊക്കെ ശ്രദ്ധേയമായ കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നു.
താളം, കമ്പോളം, ബ്‌ളാക്ക് മെയിൽ, റിവെഞ്ച് എന്നിങ്ങനെ നാല് സിനിമകൾ നിർമ്മിച്ചു. ഇതിൽ രണ്ട് സിനിമകൾ ക്രോസ്‌ബെൽറ്റ് മണിയും മറ്റ് രണ്ടെണ്ണം ബൈജു കൊട്ടാരക്കരയും ടി.എസ്. മോഹനനുമാണ് സംവിധാനം ചെയ്തത്. സിനിമാ മേഖലയിൽ സജീവമായി നിൽക്കുമ്പോഴാണ് 1979ൽ ചലച്ചിത്രതാരം ജയഭാരതിയെ സത്താർ വിവാഹം ചെയ്തത്. എന്നാൽ താമസിയാതെ അവർ വേർപിരിഞ്ഞു. സത്താർ - ജയഭാരതി ദമ്പതികളുടെ മകൻ കൃഷ് ജെ. സത്താർ മോഹൻലാൽ നായകനായ ലേഡീസ് ആൻഡ് ജന്റിൽമാൻ എന്ന സിനിമയിൽ അഭിനയിച്ചിരുന്നു.