ആലുവ: നാലര പതിറ്റാണ്ട് നീണ്ട സിനിമ ജീവിതത്തിൽ അവസാനമായി അഭിനയിച്ച സിനിമയിലെ പേര് പോലെ തന്നെയാണ് അന്തരിച്ച നടൻ സത്താറിന്റെ സിനിമ ജീവിതവും. കരീമും അബ്ബാസ് മലയിലും മധു അമ്പാട്ടും സതീഷ് മുതുകുളവും ചേർന്ന് അണിയിച്ചൊരുക്കിയ 'പറയാൻ ബാക്കിവെച്ചത്' എന്ന സിനിമയുടെ പേര് പോലെ തന്നെ തന്റെ അഭിനയ മോഹം ബാക്കിവെച്ചാണ് സത്താർ ജീവിതത്തിന്റെ അവസാന റീൽ ഓടിയത്.
പണത്തേക്കാളേറെ സിനിമയും അഭിനയവും ജീവിത ലഹരിയാക്കിയ സത്താർ നായകവേഷത്തിലും തിളങ്ങി. എൺപതുകളിൽ മമ്മൂട്ടി -മോഹൻലാൽ താരജോഡികളുടെ കടന്നുവരവോടെ സത്താർ വില്ലൻ വേഷങ്ങളിലേക്ക് വഴി മാറി. അവസാന നാളുകളിൽ ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും സിനിമയെ ഉപേക്ഷിച്ചില്ല.
ആലുവ യു.സി കോളജിലെ പഠനത്തിനിടെ തോന്നിയ കൗതുകമാണ് കൊടുങ്ങല്ലൂരുകാരൻ സത്താറിനെ സിനിമയിലെത്തിച്ചത്. നായകനായും വില്ലനായും പരാതികളില്ലാതെ സിനിമയ്‌ക്കൊപ്പം സഞ്ചരിച്ചു.
പ്രേംനസീർ നായകനായ സിനിമയിലേക്ക് പുതുമുഖത്തെ ആവശ്യമുണ്ട് എന്ന പരസ്യമാണ് സത്താറിന്റെ ജീവിതം മാറ്റിമറിച്ചത്. ആ അപേക്ഷ പരിഗണിക്കപ്പെട്ടത് വിൻസെന്റ് മാഷിന്റെ അനാവരണത്തിലെ നായകവേഷത്തിലേക്ക്.
തുടർന്നെത്തിയ യത്തീമിലെ അസീസിലൂടെ പ്രേക്ഷകരെ ഒപ്പം നിർത്തി. തുടർന്ന് നായകനായും പ്രേംനസീർ ഉൾപ്പെടെയുള്ളവരുടെ സിനിമകളിൽ ശക്തമായ കഥാപാത്രങ്ങളിലൂടെയും സത്താർ നിറഞ്ഞുനിന്നു. ശരപഞ്ജരത്തിൽ നായകവേഷം പങ്കിട്ട ജയൻ സൂപ്പർതാരമായി മാറിയതോടെ ഇരുവരും ഒന്നിച്ച് സിനിമകളുണ്ടായി. അതിനിടെയാണ് ബീനയിൽ കൂടെ അഭിനയിച്ച മുൻനിര നായിക ജയഭാരതി ജീവിതസഖിയാകുന്നത്.
തൊണ്ണൂറുകളുടെ മദ്ധ്യത്തിലെത്തിയ ലോ ബഡ്ജറ്റ് കോമഡി സിനിമകളിൽ സത്താർ സ്ഥിരം സാന്നിദ്ധ്യമായി. തമിഴിൽ മയിൽ ഉൾപ്പെടെ നിരവധി സിനിമകൾ ചെയ്തു.