നെടുമ്പാശേരി: വിദേശത്ത് പഠനാവശ്യത്തിനായി പോകുന്നതിനിടെ നഷ്ടപ്പെട്ട യാത്രാ രേഖകൾ അടങ്ങിയ ബാഗ് മൂവാറ്റുപുഴ സ്വദേശിനിക്ക് തിരികെ ലഭിച്ചു. കാലടി സ്വദേശി ജോബി സേവ്യറിന് വഴിയരികിൽ നിന്നും ലഭിച്ചതാണ് ബാഗ്. ഉടനെ രേണുവിനെ ഫോണിൽ വിളിച്ച് അറിയിച്ചു.

ബയോമെഡിക്കൽ എൻജിനീയറിംഗിൽ ബിരുദാനന്തര ബിരുദത്തിന് ജർമ്മനിയിലെ ഹാംബർഗർ സർവകലാശാലയിൽ ചേരാനാണ് 13 ന് പുലർച്ചെ മൂവാറ്റുപുഴയിൽ നിന്ന് വിമാനത്താവളത്തിലേക്ക് തിരിച്ചത്.

വിസ സ്റ്റാമ്പ് ചെയ്ത പാസ്‌പോർട്ടും ഡിഗ്രി സർട്ടിഫിക്കറ്റും ഉള്ള ബാഗ് കാർ ഗട്ടറിൽ ചാടിയപ്പോൾ പുറത്തേക്ക് തെറിച്ചു. വിമാനത്താവളത്തിലെത്തിയപ്പോഴാണ് ബാഗ് നഷ്ടപ്പെട്ടതറിയുന്നത്.

ഉടൻ യാത്ര ചെയ്ത വഴിയിൽ അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് നെടുമ്പാശേരി പൊലീസിൽ പരാതി നൽകി.

അടുത്തയാഴ്ചയോടെ ജർമനിയിലേക്ക് പറക്കാനാകുമെന്ന പ്രതീക്ഷയിലാണ് രേണു.