പിഴ 500
ആലുവ: ആലുവ നഗരത്തിലേക്കാണോ നിങ്ങളുടെ യാത്ര. ഒന്നു സൂക്ഷിക്കണേ. ശങ്ക തീർക്കാൻ പൊതുശൗചാലയങ്ങൾ അധികാരികൾ സ്ഥാപിച്ചിട്ടില്ലെങ്കിലും വഴിയോരത്ത് സാധിച്ചാൽ അഞ്ഞൂറ് രൂപ പോക്കാണ്. ആലുവയെ മനോഹരനഗരമാക്കാൻ കൊണ്ടുപിടിച്ചുശ്രമിക്കുന്ന അധികാരികളുടെ അറിയിപ്പ് കഴിഞ്ഞദിവസം പുറത്തിറങ്ങി.
മൂക്കുപൊത്താതെ കയറാൻ കഴിയുന്ന പൊതുശൗചാലയം നഗരത്തിൽ ഒന്നുപോലുമില്ല. മൂക്കുപൊത്തി കയറാമെന്ന വിചാരിച്ചാൽ തന്നെ ശൗചാലയം കണ്ടെത്തണമെങ്കിൽ ഓട്ടോറിക്ഷ പിടിക്കണം. അപ്പോഴേക്കും വാഹനത്തിൽത്തന്നെ 'ശങ്ക' തീർത്തിരിക്കും. അതാണ് അവസ്ഥ.
അവസ്ഥ ഇതൊക്കെയാണെന്ന് അറിയാവുന്ന നഗരസഭ അധികാരികളാണ് നഗരത്തെ വെളിയിട മലമൂത്ര വിസർജന മുക്തനഗരമായി പ്രഖ്യാപിച്ചത്. നിയമം ലംഘിക്കുന്നവരിൽ നിന്ന് മുനിസിപ്പൽ ആക്ട് 341 വകുപ്പ് പ്രകാരം 500 രൂപ പിഴ ഈടാക്കുമെന്ന സെക്രട്ടറിയുടെ ഉത്തരവ് വായിച്ച് അന്തംവിട്ടിരിക്കുകയാണ് നാട്ടുകാർ.
വർഷങ്ങൾക്ക് മുമ്പ് നഗരത്തിൽ ആറിടത്ത് ഇ ടോയ് ലെറ്റുകൾ സ്ഥാപിച്ചിരുന്നു. അഞ്ചെണ്ണം സ്വകാര്യ സ്ഥാപനങ്ങളുടെ സഹായത്തോടെയും ഒന്ന് നഗരസഭ ചെലവിലും. ടൗൺ ഹാൾ കവലയിലും പമ്പ് കവലയിലും സ്ഥാപിച്ചിട്ടുള്ളിടത്ത് മാത്രമാണ് മൂക്കും കണ്ണും പൊത്തിയാലെങ്കിലും കാര്യം സാധിക്കാൻ കഴിയുക. മറ്റുള്ളതെല്ലാം മാലിന്യം നിറഞ്ഞ് പൂട്ടി.
സ്വകാര്യ ബസ് സ്റ്റാൻഡ്, ബാങ്ക് കവലയിലെ നെഹ്റുപാർക്ക് അവന്യു ബിൽഡിംഗ് എന്നിവിടങ്ങളിലും ഇ ടോയ് ലെറ്റുകൾ സ്ഥാപിച്ചിരുന്നു. ദുർഗന്ധം ഏറിയതോടെ നെഹ്റു പാർക്ക് അവന്യു ബിൽഡിംഗിലെ കച്ചവടക്കാർ ഇത് നീക്കുന്നതിനായി നഗരസഭക്ക് ഭീമഹർജി നൽകേണ്ടി വന്നു. എന്നിട്ടും ഫലമുണ്ടായില്ല. ഒടുവിൽ കച്ചവടക്കാർക്ക് തന്നെ ടോയ് ലെറ്റ് പൂട്ടിയിടേണ്ടി വന്നു. നിത്യേന ആയിരങ്ങൾ വന്നുപോകുന്ന കെ.എസ്.ആർ.ടി.സി ആലുവ ബസ് സ്റ്റാൻഡ് നവീകരണത്തിന്റെ ഭാഗമായി ശൗചാലയം പൂട്ടിയിട്ടിരിക്കുകയാണ്. ശൗചാലയം ഇരിക്കുന്ന കെട്ടിടം പൊളിച്ചിട്ടില്ലെങ്കിലും ആവശ്യത്തിന് വെള്ളമില്ലാത്തതാണ് പൂട്ടിയിടാൻ കാരണം.
കൂടുതൽ ശൗചാലയം സ്ഥാപിക്കും
നഗരസഭയ്ക്ക് കീഴിൽ സ്വകാര്യ ബസ് സ്റ്റാൻഡ്, മാർക്കറ്റ്, തോട്ടക്കാട്ടുകര മിനി മാർക്കറ്റ് എന്നിവിടങ്ങളിൽ പൊതു ശൗചാലയം ഉണ്ട്. ഇതിന് പുറമെ സ്ഥാപിച്ച അഞ്ച് ഇ ടോയ് ലെറ്റുകളിൽ മൂന്നെണ്ണം ഉപയോഗശൂന്യമായി. ഇവ നവീകരിച്ച് സൗകര്യപ്രദമായ മറ്റ് സ്ഥലങ്ങളിൽ സ്ഥാപിക്കും. ഒ.ഡി.എഫ് പ്രഖ്യാപനത്തിന്റെ ഭാഗമായാണ് സെക്രട്ടറി പുതിയ ഉത്തരവ് ഇറക്കിയിട്ടുള്ളത്.
ലിസി എബ്രഹാം,
ചെയർപേഴ്‌സൺ.