പള്ളുരുത്തി: സഹോദരിയുടെ മകളെ ശല്യപ്പെടുത്തിയ യുവാവിനെ ചോദ്യം ചെയ്ത കോൺഗ്രസ് നേതാവിന് കുത്തേറ്റു.ഡി.സി.സി ജില്ലാ സെക്രട്ടറി എൻ.ആർ.ശ്രീകുമാറിനാണ് കുത്തേറ്റത്. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെ കുമ്പളങ്ങി വഴിയിലുള്ള ശ്രീകുമാറിന്റെ വീട്ടിലാണ് സംഭവം. യുവാവും പിതാവുമായി പ്രശ്നം പറഞ്ഞു തീർത്തെങ്കിലും തിങ്കളാഴ്ച രാത്രി യുവാവിന്റെ പിതാവ് വീട്ടിലേക്കെത്തി അക്രമം നടത്തുകയായിരുന്നു. വീട്ടുകാരുടെ നിലവിളി കേട്ട് നാട്ടുകാർ ഓടി കൂടിയെങ്കിലും പ്രതി ഓടി രക്ഷപ്പെട്ടു.ശ്രീകുമാറിന്റെ വയറിലും മുതുകിലും കുത്തേറ്റു.ഇയാൾ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ 20 തുന്നലുകളോടെ ചികിത്സയിലാണ്. പളളുരുത്തി സി.ഐ. ജോയ് മാത്യുവിന്റെ നേത്യത്വത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവാവും പിതാവും ഒളിവിലാണ്. യുവാവ് ഇടക്കൊച്ചി അക്വിനാസ് കോളേജിലെ വിദ്യാർത്ഥിയും കുമ്പളങ്ങി സ്വദേശിയുമാണ്.ശ്രീകുമാർ കുമ്പളങ്ങിവഴിയിൽ റേഷൻ കട നടത്തി വരികയാണ്.