കൊച്ചി: കൊച്ചി മെട്രോ യാത്രക്കാർക്ക് ഈ മാസം അവസാനം വരെ ചുരുങ്ങിയ നിരക്കിൽ യാത്ര ചെയ്യാൻ പുതിയ ഓഫറുകൾ പ്രഖ്യാപിച്ച് കെ.എം.ആർ.എൽ. നാളെ മുതൽ 20 ശതമാനം കിഴിവാണ് ടിക്കറ്റിന്.
മെട്രോ തൈക്കൂടം വരെ നീട്ടിയതിന്റെ ഭാഗമായി ടിക്കറ്റ് നിരക്കിൽ നൽകിയ 50 ശതമാനം കിഴിവ് ഇന്ന് അവസാനിക്കെയാണ് പുതിയ ഓഫർ.
ഗ്രൂപ്പായി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കുൾപ്പെടെ 20 ശതമാനം കിഴിവ് ലഭിക്കും. 30 ദിവസത്തെ ട്രിപ്പ് പാസുള്ളവർക്ക് 30 ശതമാനവും 60 ദിവസത്തെ ട്രിപ്പ് പാസുള്ളവർക്ക് 40 ശതമാനവും ആണ് കിഴിവ്. നിലവിൽ ഇത് യഥാക്രമം 25, 33 ശതമാനമാണ്. കൊച്ചി 1 കാർഡുള്ളവർക്ക് 25 ശതമാനം കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്.
കൊച്ചി മെട്രോ തൈക്കൂടം വരെ പൊതുജനത്തിനായി ഓടിത്തുടങ്ങിയ സെപ്തംബർ 4 മുതലായിരുന്നു 50 ശതമാനം ആനുകൂല്യം നൽകിയത്. അത് പ്രകാരം ഏറ്റവും കുറഞ്ഞ നിരക്ക് 10 രൂപ. ഈ ഓണക്കാലത്ത് ഒരു ദിവസം ഒരുലക്ഷം യാത്രക്കാർ എന്ന സ്വപ്നനേട്ടവും കൊച്ചി മെട്രോ സ്വന്തമാക്കി.