കൊച്ചി: മലയാള സിനിമയ്ക്ക് അന്നും ഇന്നും ഒരൊറ്റ ക്യാപ്റ്റനേ ഉണ്ടായിരുന്നുള്ളൂ,​ ക്യാപ്റ്റൻ രാജു. മലയാളികളെ ചിരിപ്പിച്ചും പേടിപ്പിച്ചും വെള്ളിത്തിരയിൽ തിളങ്ങിയ ആ പേരുകാരൻ ഓർമ്മയായിട്ട് ഇന്നലെ ഒരു വർഷം പിന്നിട്ടു. മസ്തിഷ്കാഘാതത്തെ തുടർന്നാണ് 2018 സെപ്തംബർ 17ന് അദ്ദേഹം ഈ ലോകത്തോട് യാത്ര പറഞ്ഞത്.

തങ്ങളുടെ പ്രിയ ക്യാപ്റ്റനായി അനുസ്മരണ പരിപാടി സംഘടിപ്പിക്കുകയാണ് അസോസിയേഷൻ ഒഫ് ഇന്ത്യൻ മൂവീ മേക്കേഴ്സ്. നാളെ വൈകിട്ട് 5.30ന് ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം ഓഡിറ്റോറിയത്തിൽ ക്യാപ്റ്രൻ രാജുവിന്റെ ഒന്നാം ചരമ വാ‌ഷിക അനുസ്മരണ പരിപാടി നടക്കും. സിനിമാ മേഖലയിലെ പ്രമുഖരും രാഷ്ട്രീയ,​ സാമൂഹിക,​ സാംസ്കാരിക രംഗത്തുള്ളവരും പങ്കെടുക്കും. രാത്രി 7ന് പിന്നണി ഗായകരുൾപ്പെട്ടവരുടെ സംഗീതാർച്ചനയുമുണ്ട്.

പത്തനംതിട്ട ഓമല്ലൂരിൽ കെ.ജി ഡാനിയേലിന്റെയും അന്നമ്മയുടെയും മകനായി ജനിച്ച രാജു പട്ടാള ജീവിതത്തിന് ശേഷം 1981ലാണ് സിനിമയിലേക്കെത്തിയത്.

ആദ്യകാലത്ത് വില്ലനായി തിളങ്ങിയ ആറടി പൊക്കക്കാരൻ പിന്നീട് ചിരിവേഷത്തിലേക്കും സ്വഭാവ വേഷത്തിലേക്കും കൂടുമാറി പ്രേക്ഷകരുടെ മനം കവർന്നു. ഇതാ ഒരു സ്നേഹഗാഥ എന്ന ചിത്രവും സംവിധാനം ചെയ്തു. സിനിമയിൽ സജീവമായതോടെ കൊച്ചിയിൽ താമസമാക്കി. മകനോടൊപ്പം കഴിയാൻ അമേരിക്കയിലേക്കുള്ള യാത്രയ്ക്കിടെയാണ് അദ്ദേഹത്തിന് മസ്തിഷ്കാഘാതമുണ്ടായത്.