ആലുവ: സംസ്ഥാന സർക്കാരിന്റെ അവാർഡ് ജേതാവായിട്ടും സിനിമാതാരം സത്താറിൻെറ സംസ്‌കാര ചടങ്ങുകൾക്ക് ഔദ്യോഗിക ബഹുമതി നൽകാത്തതിനെതിരെ പ്രതിഷേധം. രാവിലെ അന്തിമോപചാരം അർപ്പിക്കാനെത്തിയ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനോട് ബന്ധുക്കളും സുഹൃത്തുക്കളും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. തുടർന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രിയെയും ജില്ലാ കളക്ടറെയും കടന്നപ്പള്ളി രാമചന്ദ്രൻ നേരിട്ട് വിവരം അറിയിച്ചെങ്കിലും നിരാശയായിരുന്നു ഫലം.

സർക്കാർ ഉത്തരവില്ലാത്തതിനാൽ നടപടി സ്വീകരിക്കാനാകില്ലെന്ന് പറവൂർ തഹസിൽദാർ ബന്ധുക്കളെ ചടങ്ങിന് തൊട്ടുമുമ്പ് അറിയിച്ചു. പി.എ. ബക്കർ സംവിധാനം ചെയ്ത മണ്ണിന്റെ മാറിൽ എന്ന സിനിമയിലെ അഭിനയത്തിനാണ് സത്താറിന് സംസ്ഥാന സർക്കാരിന്റെ സ്വഭാവ നടനുള്ള അവാർഡ് ലഭിച്ചത്.

സർക്കാർ നടപടിയിൽ കോൺഗ്രസ് കളമശേരി നിയോജക മണ്ഡലം പ്രസിഡന്റ് വി.കെ. ഷാനവാസ് പ്രതിഷേധിച്ചു.

അഭിനേതാവ് മാത്രമല്ല, ഗായകനുമായിരുന്നു

സത്താർ എന്ന ഗായകൻ
ആലുവ: നല്ലൊരു ഗായകൻ കൂടിയായിരുന്നു സത്താർ. പരിചയക്കാരായ ഗായകരെ ഫോണിൽ വിളിച്ച് പാടിപ്പിക്കുന്നതും സത്താറിൻെറ ശീലമായിരുന്നു. വിപുലമായ സുഹൃത്ത് ബന്ധമാണ് സത്താറിൻെറ ഏറ്റവും വലിയ കൈമുതൽ. ഒരു വ്യക്തിയുമായി പരിചയം വന്നാൻ അത് പൊന്നുപോലെ സൂക്ഷിക്കാൻ ശ്രദ്ധിക്കും. നാടക രംഗത്തെ പ്രശസ്തരുമായും സുഹൃത്ത് ബന്ധം ഉണ്ടായിരുന്നു. എൻ.എഫ് വർഗീസ്, ശ്രീമൂലനഗരം മോഹൻ എന്നിവരും അതിൽ ഉൾപ്പെടും.