bjp

തൃപ്പൂണിത്തുറ : ബി.ജെ.പി മുൻസിപ്പൽ കൗൺസിലർ വി.ആർ വിജയകുമാറിനെ പാർലമെന്ററി നേതൃത്വ സ്ഥാനത്ത് നിന്ന് നീക്കി. സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയെന്നാരോപിച്ച് മുൻ കൗൺസിലർ ആർ.സാബു ,എസ്.രാജേഷ് എന്നിവരെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയതായും മണ്ഡലം പ്രസിഡന്റ് യു. മധുസൂദനൻ പത്രക്കുറിപ്പിൽ അറിയിച്ചു.ജില്ലാ നേതൃത്വത്തിന്റെ തീരുമാനത്തെ തുടർന്നാണ് നടപടി .

നഗരസഭയിലെ ബി.ജെ.പി കൗൺസിലർമാരുടെ യോഗം ഇന്നലെ രാവിലെ 11ന് യോഗം ചേർന്ന് അമ്പലം വാർഡ് കൗൺസിലർ രാധിക വർമ്മയെ പാർലമെന്ററി പാർട്ടി നേതാവും പ്രതിപക്ഷ നേതാവുമായി തിരഞ്ഞെടുത്തു.

വിജയകുമാറിനെതിരെ അച്ചടക്ക നടപടി എടുക്കുന്നതിനെ കുറിച്ച് ജില്ലാ നേതൃത്വം നൽകിയ നിർദ്ദേശം യോഗത്തിൽ ചർച്ച ചെയ്തു. 12 കൗൺസിലർമാരിൽ ഏഴ് പേർ മാത്രമാണ് പങ്കെടുത്തത്. ഇവർ എ.ബി ജഷീറിന്റെ പേര് നിർദ്ദേശിച്ചെങ്കിലും രാധിക വർമ്മയെയാണ് പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തത്.

യോഗത്തിൽ സംസ്ഥാന നേതാക്കളായ ജെ.ആർ പത്മകുമാർ ,രേണു സുരേഷ് , മധ്യമേഖല സംഘടന സെക്രട്ടറി സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.

ജനപ്രിയനായ കൗൺസിലർ.

വി.ആർ.വിജയകുമാർ, ബൈജു.എ.വി. വിജയശ്രീ.കെ.ആർ ,സീനാ സുരേഷ് ,വള്ളീ മുരളീധരൻ എന്നീ ബി.ജെ.പി കൗൺസിലർമാർ ഇന്നലെ നടന്ന യോഗത്തിൽ പങ്കെടുത്തില്ല. തങ്ങളെ ഇക്കാര്യം അറിയിച്ചിട്ടില്ലെന്ന് അഞ്ചുപേരും പറഞ്ഞു. ഭാവി പരിപാടികളെ കുറിച്ച് പ്രവർത്തകരും മറ്റ് കൗൺസിലർമാരുമായും കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്ന് വി.ആർ വിജയകുമാർ പറഞ്ഞു .