ഇടപ്പള്ളി ; നഗരത്തിലും പ്രാന്ത പ്രദേശങ്ങളിലും വഴിയോരങ്ങളിലും തണലേകുന്ന മരങ്ങൾ അധികൃതരുടെ ഉറക്കം കെടുത്തുകയാണിപ്പോൾ. കഴിഞ്ഞ ദിവസം ഫോർട്ടുകൊച്ചിയിൽ സ്കൂൾ ബസിനു മുകളിലേക്ക് മരം ഒടിഞ്ഞു വീണുണ്ടായ അപകടത്തിൽ തലനാരിയിഴക്കാണ്‌ ജീവഹാനി ഒഴിവായത് .ഇവിടെ മരം മുറിച്ചു മാറ്റുന്നതിൽ പൊതുമരാമത്തു അധികൃതർക്ക് വീഴ്ച ഉണ്ടായതായി നാട്ടുകാർ ആരോപിച്ചു.

കാക്കനാട് ,പൈപ്പ്‌ലൈൻ ,പാടിവട്ടം എന്നിവിടങ്ങളിലൊക്കെ ഏതു നിമിഷവും ഒടിഞ്ഞു വീഴാവുന്ന നിലയിലാണ് മരങ്ങൾ .മാത്രവുമല്ല നഗരത്തിലെ പടർന്നു പന്തലിച്ചു നിൽക്കുന്ന ഒട്ടുമിക്ക തണൽ മരങ്ങളും അപകടാവസ്ഥയിലാണെന്നാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്. തിരക്കേറിയ നഗരത്തിലിതു യാത്രക്കാർക്കും വാഹനങ്ങൾക്കുമൊക്കെ ഭീഷിണിയായി മാറുകയാണിയിപ്പോൾ.

# ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിനടുത്തുള്ള മരങ്ങൾ മുറിച്ചു മാറ്റാനുള്ള നീക്കം തുടങ്ങിയിട്ട് 3 മാസം

#കരാർ ക്ഷണിച്ചു, വാങ്ങാൻ ആളില്ല

33,000 രൂപ നാലു കൂറ്റൻ മരങ്ങൾക്കു വനംവകുപ്പ് വില.

പൊതുമരാമത്തു കരാർ ക്ഷണിച്ചുയെങ്കിലും ഒരാളുപോലുമെത്തിയില്ല .ഇതേ തുടർന്ന് മതിപ്പു വില കുറച്ചു പതിനായിരമെങ്കിലും കിട്ടിയാൽ മതിയെന്നായി .എന്നിട്ടും ആളുകളെത്താതെയായതോടെ മരംമുറി അനിശ്ചിതത്വത്തിലായി .

#ഏഴു മരങ്ങൾ മുറിച്ചു മാറ്റാൻ 4.5 ലക്ഷം രൂപ ചെലവ്

വാങ്ങാൻ ആളില്ലാത്തതിനാൽ സ്വന്തം മേൽനോട്ടത്തിൽ മരങ്ങൾ മുറിക്കാനായി പൊതുമരാമത്തു അധികൃതർ മുന്നോട്ടുവന്നു . ഇതിന്റെ ഭാഗമായി അടിയന്തരമായി ഏഴു മരങ്ങൾ മുറിച്ചു മാറ്റേണ്ടുന്നതിലേക്കായി നാലര ലക്ഷം രൂപയോളം അനുവദിക്കണമെന്നാവശ്യപ്പെട്ടു പൊതുമരാമത്തു ചീഫ് എൻജിനീയർക്ക് റിപ്പോർട്ട് നൽകി . ചങ്ങമ്പുഴ പാർക്കിലെ നാലു മരങ്ങൾ,പൈപ്പ്‌ലൈൻ ,കാക്കനാട് എൻ.ജി.ഒ ക്വാർട്ടേഴ്‌സ് ,പാടിവട്ടം എന്നിവിടങ്ങളിലെ ഓരോ മരങ്ങളും മുറിച്ചു നീക്കാനാണ് പദ്ധതി .പൊതുമരാമത്തു വകുപ്പിൽ നിന്നും പണം ലഭിക്കാൻ കാലതാമസമുണ്ടായാൽ കളക്ടറുടെ പ്രത്യേക ഫണ്ടിൽ നിന്നും ആവശ്യമായ തുക ലഭ്യമാക്കാനു ശ്രമം നടത്തി വരികയാണ് .

#തണൽ മരങ്ങൾക്കു പ്രിയമില്ല

സാധാരണ റോഡരികുകളിലെ മരങ്ങൾ മുറിച്ചു മാറ്റാനായി പൊതുമരാമത്ത് അധികൃതർ കരാർ ഇട്ടാൽ ആളുകളുടെ തള്ളിക്കയറ്റമാണുള്ളത് . എന്നാൽ തണൽ മരങ്ങളുടെ തടിക്കു പ്രിയമില്ല . ഇത് വിറകിന്റെ കൂട്ടത്തിൽ പോലും ആർക്കും വേണ്ടാതെയായിരിക്കുകയാണ് . ഉരുപ്പടികൾക്കും ഗുണകരമല്ല . അതുകൊണ്ടുതന്നെ
സൗജന്യമായി നൽകാമെന്ന് പറഞ്ഞാലും ആരുമില്ലാത്ത അവസ്ഥയാണ് .പല സ്ഥലങ്ങളിലും മുറിച്ചിട്ട തണൽ മരത്തിന്റെ തടികൾ റോഡുയോരത്തു തടസ്സം സൃഷ്‌ടിച്ചുകിടപ്പുമാണ് .