കൊച്ചി : പത്രധർമ്മത്തെക്കുറിച്ചും പത്രം നടത്തിപ്പിനെക്കുറിച്ചും വിശാലമായ കാഴ്ച്ചപ്പാടുണ്ടായിരുന്ന അസാധാരണ വ്യക്തിത്വമായിരുന്നു പത്രാധിപർ കെ. സുകുമാരൻ എന്ന് കേരളകൗമുദി റീഡേഴ്സ് ക്ളബ് മേഖലാ പ്രസിഡന്റ് അഡ്വ. വക്കം എൻ. വിജയൻ പറഞ്ഞു. പത്രാധിപർ കെ. സുകുമാരന്റെ 38ാം ചരമ വാർഷികത്തോടനുബന്ധിച്ച് എറണാകുളം കേരളകൗമുദി ഓഫീസിൽ സംഘടിപ്പിച്ച പത്രാധിപർ കെ.സുകുമാരൻ അനുസ്മരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മറ്റൊരു പത്രത്തിനും അവകാശപ്പെടാനാവാത്ത വിധം എഡിറ്റോറിയൽ വിഭാഗവും നോൺ ജേർണലിസ്റ്റ് വിഭാഗവും എങ്ങനെ ജോലി ചെയ്യണമെന്നത് കാട്ടിയ മഹാനാണ് അദ്ദേഹം. അന്നത്തെ കാലത്ത് അറിയപ്പെടുന്ന സാഹിത്യകാരന്മാരുടെ പടയായിരുന്നു കേരളകൗമുദി എഡിറ്റോറിയൽ വിഭാഗത്തിലുണ്ടായിരുന്നത്. പത്രാധിപർ നൽകുന്ന വിഷയങ്ങളെക്കുറിച്ച് അവർ എഡിറ്റോറിയൽ എഴുതുകയും അദ്ദേഹം മിനുക്ക് പണി നടത്തി പ്രസിദ്ധീകരിക്കുകയും ചെയ്യും. കേരളകൗമുദിയുടെ മുഖപ്രസംഗം ആവശ്യപ്പെടുന്നത് എന്താണോ അത് അനുസരിച്ച് സർക്കാർ ഉത്തരവിറങ്ങിയ കാലമുണ്ടായിരുന്നു. ആ വിധം അസാമാന്യ കാഴ്ചപ്പാട് അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും അഡ്വ. വക്കം വിജയൻ പറഞ്ഞു.
കേരളത്തിൽ നിരവധി പത്രാധിപന്മാരുണ്ടായിട്ടും പത്രാധിപർ എന്നുകേട്ടാൽ ഗാന്ധിത്തൊപ്പി ധരിച്ച്, വ്യക്തിത്വത്തിന്റെ മുഖമുദ്രയായ കെ. സുകുമാരന്റെ മുഖമാണ് മലയാളിക്ക് ഓർമ്മ വരികയെന്ന് മുഖ്യപ്രഭാഷണം നടത്തിയ എസ്.എൻ.ഡി.പി യോഗം അസി.സെക്രട്ടറി ഇ.കെ മുരളീധരൻ പറഞ്ഞു. പത്രാധിപർക്ക് വേണ്ട എല്ലാ ഗുണവിശേഷങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. തികഞ്ഞ ഗുരുഭക്തനായ അദ്ദേഹം ആരാധ്യപുരുഷന്റെ സന്ദേശങ്ങൾ പ്രചരിപ്പിക്കേണ്ടത് തന്റെ കർത്തവ്യമാണെന്ന് മനസ്സിലാക്കിയിരുന്നു. പത്രപ്രവർത്തകന് ആവശ്യമായ സത്യസന്ധത അദ്ദേഹത്തിനുണ്ടായിരുന്നു. വാർത്തകളോട് നീതി പുലർത്തി. ഏതുകാര്യവും മുഖംനോക്കാതെ പറയാനുള്ള ധൈര്യവും അദ്ദേഹത്തിനുണ്ടായിരുന്നു. പിതാവായ സി.വി കുഞ്ഞിരാമന്റെ പൈതൃകഭാവം പകർന്ന് കിട്ടിയ സത്പുത്രനാണ് കെ. സുകുമാരനെന്നും അദ്ദേഹം പറഞ്ഞു.
എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ കമ്മിറ്റിയംഗം കെ.കെ മാധവൻ, ബി.ഡി.ജെ.എസ് എറണാകുളം മണ്ഡലം പ്രസിഡന്റ് കെ.കെ.പീതാംബരൻ, കൊച്ചി മണ്ഡലം പ്രസിഡന്റ് സുജിത്, കേരളകൗമുദി ന്യൂസ് എഡിറ്റർ ടി.കെ സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ന്യൂസ് എഡിറ്റർ എച്ച് . മണിലാൽ സ്വാഗതവും കേരളകൗമുദി കൊച്ചി അസി.സർക്കുലേഷൻ മാനേജർ വി.പുഷ്കരൻ നന്ദിയും പറഞ്ഞു.