കൊച്ചി: പൊന്നുരുന്നി സുഭാഷ് ചന്ദ്ര ബോസ് റോഡിൽ കിംഗ് കോൺവെന്റ് ഗേൾസ് ഹൈസ്‌കൂളിന് സമീപമുള്ള സ്വകാര്യ ഡയഗ്‌നോസ്റ്റിക് സെന്ററിലുണ്ടായ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടം. ഇന്നലെ രാവിലെ എട്ടരയോടെ സെന്റർ തുറക്കാനെത്തിയ ജീവനക്കാരാണ് മൂന്നു നിലയുള്ള കെട്ടിടത്തിന്റെ ആദ്യ നിലയിൽ തീ പടരുന്നത് കണ്ടത്. തുടർന്ന് ഇവർ താഴേക്ക് ഓടി. ഗാന്ധിനഗർ സ്റ്റേഷനിൽ നിന്ന് വിവരമറിഞ്ഞെത്തിയ മൂന്ന് യൂണിറ്റ് അഗ്നിശമന വാഹനങ്ങൾ ഉപയോഗിച്ച് തീ അണച്ചു. ശീതീകരിച്ച കെട്ടിടമായതിനാൽ പുകപടലങ്ങൾ കെട്ടിടത്തിനകത്ത് തന്നെ തങ്ങി നിന്നത് തീ അണയ്ക്കൽ ശ്രമം ദുസഹമാക്കി. ജനാലകളുൾപ്പെടെ തകർത്താണ് അഗ്നിശമന സേനാംഗങ്ങൾ അകത്തേക്ക് പ്രവേശിച്ചതും തീ അണച്ചതും.
ഒരു മണിക്കൂറിനകം തീ പൂർണമായും നിയന്ത്രണ വിധേയമാക്കി. ഈ ബിൽഡിംഗിന് ചുറ്റിലുമായി നിരവധി വീടുകളും കെട്ടിടങ്ങളും ഉണ്ടായിരുന്നു. തീ പുറത്ത് പടരാത്തതിനാൽ വലിയ ദുരന്തം ഒഴിവായി. ഷോർട്ട് സർക്യൂട്ടായിരിക്കാം തീപിടിത്തതിന് കാരണമെന്നാണ് നിഗമനം. ഏതാണ്ട് 40 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ജില്ലാ ഫയർ ഓഫീസർ ജോജി എ.എസ്, ഗാന്ധിനഗർ അസി.സ്റ്റേഷൻ ഓഫീസർ സുരേഷ് പി.കെ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തീ അണച്ചത്. ഒന്നാം നിലയിലെ ലാബ് ഉപകരണങ്ങൾ അടക്കമുള്ള മിക്കതും തീപിടിത്തത്തിൽ കത്തി നശിച്ചു. ടെറസിൽ ജനറേറ്റർ അടക്കമുള്ള ഉപകരണങ്ങൾ ഉണ്ടായിരുന്നെങ്കിലും ഈ നിലയിലേക്ക് തീ പടരാത്തത് നഷ്ടത്തിന്റെയും അപകടത്തിന്റെയും തോത് കുറച്ചു.