ഉപ്പൂറ്റി (മടമ്പ്) വേദന മദ്ധ്യപ്രായത്തോടടുത്ത്, പ്രത്യേകിച്ച് സ്ത്രീകളിലാണ് വളരെ സാധാരണയായി കണ്ടുവരുന്നത്. എല്ലിന്റെ തകരാറുകൾ, സന്ധിരോഗങ്ങൾ, ചില ഞരമ്പുകളിൽ ഉണ്ടാകുന്ന സമ്മർദ്ദം, തന്തുശേഖരത്തിലുണ്ടാകുന്ന നീർവീക്കം എന്നിവ ഉപ്പൂറ്റി വേദനയിലേക്ക് നയിക്കാം. രാവിലെ എഴുന്നേറ്റ് ഒന്നോ, രണ്ടോ അടിവയ്ക്കുമ്പോഴായിരിക്കും വേദന അനുഭവപ്പെട്ടു തുടങ്ങുന്നത്. അധികമർദ്ദം ഉണ്ടാകുന്ന ശാരീരിക അദ്ധ്വാനമോ, വ്യായാമമോ, ചില പ്രത്യേകതരം പാദരക്ഷകളുടെ ഉപയോഗമോ ആകാം ഇൗ രോഗത്തിന്റെ തുടക്കം. അമിത ശരീരഭാരം വേദന കൂട്ടിയേക്കാം.
കായിക താരങ്ങളിൽ ഇൗ രോഗം കൂടുതലായി കാണപ്പെടുന്നുണ്ട്. വേദന തുടങ്ങുമ്പോൾതന്നെ ചികിത്സ ആരംഭിക്കുന്നതായിരിക്കും നല്ലത്. സ്വയംചികിത്സയും, രോഗനിർണയവും അപകടകരമാണ്. വേദനയുടെ കാരണം കൃത്യമായി കണ്ടുപിടിച്ചു വേണം ചികിത്സ നടത്താൻ. ഇൗ രോഗമുള്ളവരിൽ ചിലപ്പോൾ മടമ്പെല്ലിന്റെ താഴെ നിന്നും ഒരു ചെറിയ വളർച്ച (സ്പർ) കാണാം. ഇത് ഒരു രോഗകാരണമല്ല. മരുന്നുകൾ ഫലപ്രദമാണെങ്കിലും സ്ഥിരമായ രോഗശാന്തിക്ക് മറ്റ് ചികിത്സാ രീതികൾ കൂടി അവലംബിക്കേണ്ടതുണ്ട്. സിലിക്കോൺ പാഡുകൾ, എം.സി.ആർ പാദരക്ഷകൾ, പാദരക്ഷകളിൽ ചില മാറ്റങ്ങൾ വരുത്തുന്നത് മുതലായവ, പ്രത്യേകിച്ച് കാൽപാദം പരന്നവരിൽ സമ്മർദ്ദം കുറയ്ക്കും.
ഫിസിയോ തെറാപ്പിയിൽ വ്യായാമ ചികിത്സയ്ക്ക് പുറമേ നൂതനമായ പല ഉപകരണങ്ങളും ഇൗ രോഗത്തിന് ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നുണ്ട്. തന്തുശേഖരത്തിന്റെ വിസ്തൃതി വർദ്ധിപ്പിക്കുന്ന വ്യായാമങ്ങൾ, സ്പിന്റുകളുടെ ഉപയോഗം, നടക്കുമ്പോഴും വ്യായാമം ചെയ്യുമ്പോഴും കായിക വിനോദങ്ങളിൽ ഏർപ്പെടുമ്പോഴും വിദഗ്ദ്ധോപദേശം തേടുക, പാദസംരക്ഷണവും നല്ല പാദരക്ഷകളുടെ ഉപയോഗവും, കൃത്യമായ ആരോഗ്യ പരിപാലനവും ഇൗ രോഗം വരാതിരിക്കാനുള്ള മാർഗങ്ങളാണ്.
ഡോ. എസ്. രാജീവ്,
സ്പെഷ്യലിസ്റ്റ് - ഫിസിക്കൽ മെഡിസിൻ,
സ്പെഷ്യലിസ്റ്റ്സ് ആശുപത്രി, എറണാകുളം.
ഫോൺ: 8075098710.