കൊച്ചി: ഡ്രൈവിംഗ് പഠിക്കുക, ലൈസൻസ് കിട്ടിയാലുടൻ ലോണെടുത്ത് ഒരു വാഹനം വാങ്ങുക, അതോടിച്ച് ജീവിക്കുക. ഐ ഡ്രൈവ് പദ്ധതിയുടെ ഭാഗമായി ഒരു വർഷം മുമ്പ് സ്റ്റിയറിംഗിൽ സ്പർശിക്കുമ്പോൾ ട്രാൻസ്‌ജെൻഡർമാർ സ്വപ്നങ്ങൾ കൊണ്ട് ആകാശക്കോട്ട കെട്ടി. എന്നാൽ ഇപ്പോൾ എല്ലാം വെള്ളത്തിലായതിന്റെ നിരാശമാത്രം.
ട്രാൻസ്ജെൻഡർമാരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒരു വർഷം മുമ്പ് സംസ്ഥാന സർക്കാർ ഐ ഡ്രൈവ് പദ്ധതിക്ക് തുടക്കം കുറിച്ചത്. വിജയകരമായി പരിശീലനം പൂർത്തിയാക്കിയ മറ്റു ജില്ലകളിലെ ട്രാൻസ്‌ജെൻഡർമാർ ലൈസൻസ് എടുത്തു വീശുമ്പോൾ ഈ ജില്ലയിൽ നിന്നുള്ള അഞ്ചു പേരും എച്ച് എടുക്കാൻ സഹായിക്കണമെന്ന അഭ്യർത്ഥനയുമായി വിവിധ ഏജൻസികളുടെ പിന്നാലെ നടക്കുകയാണ്.
# തുടക്കം കഴിഞ്ഞ നവംബറിൽ
കളമശേരി ഗവ.പോളിടെക്നിക് എൻ.എസ്.എസ് യൂണിറ്റുകളുടെയും സാമൂഹിക നീതി വകുപ്പിന്റെയും നേതൃത്വത്തിലാണ് കഴിഞ്ഞ നവംബറിൽ ജില്ലയിൽ ഐ ഡ്രൈവിംഗ് പദ്ധതിക്ക് തുടക്കം കുറിച്ചത്. വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ചരിത്രത്തിലെ ആദ്യ സംരംഭമെന്ന നിലയിൽ ട്രാൻസ്‌ജെൻഡേഴ്സിന്റെ ഡ്രൈവിംഗ് പരിശീലനം സവിശേഷ ശ്രദ്ധ നേടി. തൃപ്തി ഷെട്ടി, അമൃത, ഷെറിൻ, മെറീന, രാധിക എന്നിവർ ഉത്സാഹത്തോടെ പഠനം തുടങ്ങി. കോളേജിന്റെ വാഹനത്തിലായിരുന്നു ഡ്രൈവിംഗ് പരിശീലനം. എന്നാൽ ഒരു മാസം തികയുംമുമ്പ് വണ്ടി വർക്ക്ഷോപ്പിലാണെന്ന കാരണം പറഞ്ഞ് കോളേജ് അധികൃതർ പരിശീലനം നിർത്തിയതോടെ ഡ്രൈവിംഗിന്റെ താളം തെറ്റി.
# പരിശീലകർ ഉഴപ്പിയെന്ന്
പരിശീലനം പുനരാരംഭിക്കാൻ വൈകിയതോടെ പലരും മറ്റു ജോലികളിലേക്ക് തിരിഞ്ഞു. ക്ളാസ് മുടങ്ങുന്നതിനെ കുറിച്ച് താൻ കോളേജിന്റെ വാട്ട്സ്‌അപ്പ് ഗ്രൂപ്പിൽ പരാതിപ്പെട്ടപ്പോൾ അടുത്ത ദിവസം എത്താൻ പരിശീലകൻ നിർദേശം നൽകിയെന്ന് തൃപ്തി ഷെട്ടി പറഞ്ഞു. ഒരാഴ്ച സമയം നൽകണമെന്ന അഭ്യർത്ഥന നിരസിച്ചു. ഇതിന്റെ പേരിൽ ഇരുകൂട്ടരും കശപിശയായി. അതിനിടെ പോളിടെക്നിക് കോളേജിന് ലൈസൻസ് എടുത്തുകൊടുക്കാനുള്ള അധികാരം ഇല്ലെന്ന് അറിഞ്ഞതോടെ പഠിതാക്കൾ വിഷമത്തിലായി. സർക്കാർ നൽകിയ ഐ.ഡി കാർഡുണ്ടെങ്കിൽ ഡ്രൈവിംഗ് ടെസ്റ്റിൽ പങ്കെടുക്കാമെന്ന് ആർ.ടി. ഉദ്യോഗസ്ഥർ ഉറപ്പു നൽകിയിട്ടും കോളേജ് അധികൃതർ സഹകരിച്ചില്ലെന്ന് തൃപ്തി കുറ്റപ്പെടുത്തി.
കൃത്യമായി ഹാജരായില്ലെന്ന്
ഉത്സാഹത്തോടെ പരിശീലനം ആരംഭിച്ച ട്രാൻസ്‌ജെൻഡേഴ്സ് പിന്നീട് ക്ളാസ് മുടക്കുന്നത് പതിവായെന്ന് കോളേജ് അധികൃർ പറയുന്നു. ഇത് ചോദ്യം ചെയ്ത പ്രിൻസിപ്പലിനോട് അവർ തട്ടിക്കയറി. സാമൂഹിക നീതി വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ ഇരുകൂട്ടരും തമ്മിലുള്ള തർക്കങ്ങൾ പരിഹരിച്ചു. ലൈസൻസ് എടുത്തുകൊടുക്കുന്നതിനായി ഒരു ഡ്രൈവിംഗ് ഏജൻസിയെ ചുമതലപ്പെടുത്തി. ടെസ്റ്റിന് മുന്നോടിയായി അടുത്ത ആഴ്ച തന്നെ പരിശീലനം ആരംഭിക്കുമെന്നും കോളേജ് അധികൃതർ പറഞ്ഞു.
ട്രാൻസ്‌ജെൻഡേഴ്സിന്റെ ഡ്രൈവിംഗ് പരിശീലനം പാളി
മറ്റ് ജില്ലകളിൽ വിജയിച്ചു
പരിശീലനം വീണ്ടും തുടങ്ങുമെന്ന് അധികൃതർ