കൊച്ചി: കൊച്ചിക്കാർക്ക് തനിനാടൻ രുചി വിളമ്പാൻ ട്രാൻസ്ജെൻഡേഴ്സ് ഒരുക്കുന്ന ഹോട്ടൽ ഒക്ടോബറിൽ തുറക്കും. സ്വന്തം കാലിൽ നിൽക്കാനുള്ള ട്രാൻസ്ജെൻഡേഴ്സിന്റെ സ്വപ്നം അങ്ങിനെ പ്രതിസന്ധികളേറെ താണ്ടി സഫലമാകുന്നു.

സർക്കാർ ഫണ്ട് കിട്ടാനുണ്ടായ കാലതാമസമാണ് പ്രശ്നമായത്. മഴയും സാമ്പത്തിക പ്രതിസന്ധിയും ചെറിയ തടസമായെങ്കിലും അവയ്ക്കൊന്നും തങ്ങൾക്കുള്ളിലെ കനലെരിക്കാനാവില്ലെന്ന് കാട്ടുകയാണ് ഇവർ. കുടുംബശ്രീയിൽ നിന്ന് വയ്ക്കുന്നതും വിളമ്പുന്നതും ബിൽ വാങ്ങുന്നതുമുൾപ്പെടെ ഹോട്ടൽ നടത്തിപ്പിനുള്ള പരിശീലനം നേടുകയാണ് ഏഴ് ട്രാൻസ്ജെൻഡേഴ്സ്.

എറണാകുളം കച്ചേരിപ്പടിയിലെ കസബ പൊലീസ് സ്റ്റേഷന് സമീപത്തെ കെട്ടിടത്തിലാണ് രുചിമുദ്ര. പണിയെല്ലാം പൂർത്തിയാക്കി കഴിഞ്ഞു. പ്രവർത്തനമൂലധനം നാല് ലക്ഷം വേണം. രണ്ട് ലക്ഷം സർക്കാർ അനുവദിച്ചിട്ടുണ്ട്.

ജില്ലാപഞ്ചായത്തിന്റെ സഹായത്തോടെ കേരളത്തിൽ ആദ്യമായി ആരംഭിക്കുന്ന ഹോട്ടലാണ് രുചിമുദ്ര. മാന്യമായ വേതനം ഉറപ്പാക്കാനായാൽ ഏഴിൽ നിന്ന് പതിനഞ്ചായി ജീവനക്കാരുടെ എണ്ണം ഉയർത്തും.

ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന മുദ്ര ചാരിറ്റബിൾ സൊസൈറ്റിയുടെ പദ്ധതി.

ജില്ലാപഞ്ചായത്തും സാമൂഹ്യനീതി വകുപ്പും പിന്തുണച്ചു.

പൊതുജനങ്ങളിൽ നിന്നുള്ള സംഭാവനകളും കിട്ടി.

വാടക കുടിശികയായി

ഹോട്ടൽ വൈകിയതിനാൽ കെട്ടിടവാടക കുടിശികയാണ്. മൂന്ന് നില കെട്ടിടത്തിൽ ട്രാൻസ്ജൻഡേഴ്‌സിന് ഓഫീസ്, ഷെൽട്ടർ ഹോം, കൗൺസിലിംഗ്, യോഗ സെന്ററുകൾ തുടങ്ങിയവയും ആലോചനയിലുണ്ട്.

"ചെലവ് ചുരുക്കാൻ പെയിന്റിംഗ് പോലുള്ള പണികൾ സ്വയം ചെയ്തു. ഒക്ടോബർ 15നകം ഹോട്ടൽ ആരംഭിക്കാനാകും എന്ന് തന്നെയാണ് പ്രതീക്ഷ. പൊതുജനം ഞങ്ങളെ സ്വീകരിക്കുമെന്ന വിശ്വാസത്തിലാണ്. "

അദിതി

ട്രാൻസ്ജെൻഡർ

മുദ്ര ചാരിറ്റബിൾ സൊസൈറ്റി