കൊച്ചി : പൊലീസ് കോൺസ്റ്റബിൾ നിയമനത്തിനായി പി.എസ്.സി നടത്തിയ പരീക്ഷയിൽ ക്രമക്കേടു നടന്നെന്ന ആരോപണം ഗൗരവമുള്ളതാണെന്ന് ഹൈക്കോടതി വാക്കാൽ പറഞ്ഞു. പി.എസ്.സിയിലെ പരീക്ഷാക്രമക്കേട് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം പൂക്കോട്ടൂർ സ്വദേശി ഇ.പി. സുബിൻ, കൊല്ലം പോരുവഴി സ്വദേശി കെ. ശ്രീകുമാർ എന്നിവർ നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്. നേരത്തെ കേസിലെ പ്രതികൾ നൽകിയ ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ ചോദ്യപേപ്പർ പുറത്തായതും പ്രതികൾക്ക് പരീക്ഷാസമയത്ത് 90 - 95 എസ്.എം.എസുകൾ വന്നതും വിശദീകരിച്ചിരുന്നു. ഇക്കാര്യങ്ങൾ കണക്കിലെടുത്താൽ ഗൗരവമുള്ള ആരോപണമാണിതെന്നും ഹൈക്കോടതി വാക്കാൽ പറഞ്ഞു. ഹർജിയിൽ സംസ്ഥാന സർക്കാരിനും ഡി.ജി.പിക്കും പി.എസ്.സിക്കും സി.ബി.ഐക്കും നോട്ടീസ് നൽകാനും നിർദ്ദേശിച്ചു.

ഇന്നലെ ഹർജി പരിഗണിക്കുമ്പോൾ ഹർജിക്കാർ കായികക്ഷമതാടെസ്റ്റിൽ പരാജയപ്പെട്ടവരാണെന്നും പ്രശസ്തിക്കു വേണ്ടിയാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നും പി.എസ്.സിയുടെ അഭിഭാഷകൻ വാദിച്ചു. സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നും ഹർജിക്കാർക്ക് ഇത്തരം ആവശ്യമുന്നയിക്കാൻ അവകാശമില്ലെന്നും സർക്കാർ അഭിഭാഷകനും വ്യക്തമാക്കി. എട്ട് കായികക്ഷമതാ ടെസ്റ്റുകളിൽ അഞ്ചെണ്ണത്തിൽ പാസാകണമെന്നാണ് വ്യവസ്ഥ. എന്നാൽ ഹർജിക്കാർ ഇതിൽ പരാജയപ്പെട്ടെന്നും പി.എസ്.സി വിശദീകരിച്ചു.