പറവൂർ: പ്രളയത്തിൽപ്പെട്ടവരുടെ രണ്ടാമത്തെ അപ്പീൽ അന്വേഷണത്തിൽ അനാസ്ഥയും പക്ഷപാതവും കാണിച്ച അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ചിറ്റാറ്റുകര പഞ്ചായത്ത് എട്ടാം വാർഡിൽ നിന്നുള്ള പ്രളയബാധിതർ തഹസിൽദാർക്ക് ഭീമ ഹർജി നൽകി. സ്ത്രീകളടക്കം നിരവധി പേർ പ്രകടനമായി താലൂക്ക് ഓഫീസിലെത്തിയാണ് ഭീമഹർജി നൽകിയത്. സർക്കാരിന്റെ വിവിധ വകുപ്പുകളിൽ പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടാകാഞ്ഞതിനെത്തുടർന്നാണ് സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ഭീമ ഹർജി സമർപ്പിച്ചത്.

പ്രളയം ചിറ്റാറ്റുകര പഞ്ചായത്തിലെ 6,7,8,9 വാർഡുകളിലെ ജനങ്ങളെ സാരമായി ബാധിച്ചിരുന്നു. രണ്ടാം അപ്പീലിൽ എട്ടാം വാർഡിൽ നിന്ന് 128 അപേക്ഷകൾ ഉണ്ടായിരുന്നു. ഇതിൽ താലൂക്കിന്റെ ലിസ്റ്റ് പ്രകാരം 68 പേർക്ക് രണ്ടര ലക്ഷം രൂപ മാത്രമാണ് പാസായിട്ടുള്ളത്. മറ്റു ചിലർക്ക് 1,25,000 രൂപയും 60,000 രൂപയുംവീതം കിട്ടി. എട്ടാം വാർഡിൽ അന്വേഷണത്തിനെത്തിയ ഉദ്യോഗസ്ഥന്റെ അനാസ്ഥമൂലമാണ് ഇങ്ങനെ സംഭവിച്ചതെന്ന് നാട്ടുകാരുടെ പരാതി. ലിസ്റ്റ് പുന:പരിശോധിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥനെതിരെ ശിക്ഷാനടപടി സ്വീകരിക്കണമെന്നും ഭീമ ഹർജിയിൽ ആവശ്യപ്പെടുന്നു. രാഷ്ട്രീയ ചേരിതിരിവൊന്നുമില്ലാതെയാണ് നാട്ടുകാർ സംഘടിച്ചെത്തിയത്.