കൊച്ചി: സ്വകാര്യ ബസുടമകൾ നാളെ (വെള്ളി) മുതൽ നടത്താനിരുന്ന സമരം പിൻവലിച്ചു. ബസുടമകളും തൊഴിലാളി പ്രതിനിധികളുമായി ജില്ലാ കളക്ടർ എസ്. സുഹാസ് നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. വൈറ്റിലയിൽ ബസുകളുടെ ഗതാഗതക്രമീകരണം, സ്വകാര്യ ബസുകളുടെ സമയത്ത് കെ.എസ്.ആര്‍.ടി.സി ബസുകളുടെ സർവീസ് എന്നിവയിൽ പ്രതിഷേധിച്ചാണ് ബസുടമകൾ പണിമുടക്ക് പ്രഖ്യാപിച്ചത്.
പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും ബുദ്ധിമുട്ടാകുമെന്നതിനാൽ പണിമുടക്കിൽനിന്നു പിന്തിരിയാൻ ജില്ലാ കളക്ടർ ബസുടമകളോടും തൊഴിലാളികളോടും ആവശ്യപ്പെട്ടു. വൈറ്റിലയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനുള്ള വിവിധ മാർഗങ്ങൾ പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ ജി. പൂങ്കുഴലി, അസി.കമ്മിഷണർ ഫ്രാൻസിസ് ഷെൽബി, ആർ.ടി.ഒ കെ. മനോജ്കുമാർ തുടങ്ങിയവരുമായി കളക്‌ടർ ചർച്ച ചെയ്തു.
വൈറ്റില അണ്ടർ പാസിലൂടെ ബസുകൾ കടത്തിവിടുകയും ചെറുവാഹനങ്ങൾ വഴിതിരിച്ചുവിടുകയും ചെയ്യുക, ബൈപ്പാസിനു പടിഞ്ഞാറു ഭാഗത്തെ സർവീസ് റോഡിലെ തടസങ്ങൾ നീക്കി ഗതാഗത യോഗ്യമാക്കുക എന്നീ സാദ്ധ്യതകളാണ് പരിശോധിച്ചത്. സർവീസ് റോഡിലെ തടസം നീക്കാൻ നാഷണൽഹൈവേ അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അണ്ടർപാസിലൂടെ ബസുകൾ കടത്തിവിടുന്നതിന്റെ സാദ്ധ്യത പരിഗണിക്കും. ഇതു പ്രകാരം ഒരാഴ്ചക്കകം ആ റോഡ് ഗതാഗതയോഗ്യമാക്കാൻ കൊച്ചി കോർപ്പറേഷൻ അധികൃതരോടും പൊതുമരാമത്ത് വകുപ്പിനോടും പൊലീസ് ആവശ്യപ്പെട്ടു.