കൊച്ചി: മുന്നാക്ക സമുദായങ്ങളിലെ പാവപ്പെട്ടവന്റെയും സാധാരണക്കാരന്റെയും ന്യായമായ അവകാശങ്ങൾ നേടിയെടുക്കുകയെന്ന ലക്ഷ്യത്തോടെ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിച്ചതായി ഭാരവാഹികൾ പറഞ്ഞു. എല്ലാ സമുദായങ്ങളിലുമുള്ള മുന്നോക്കകാർക്ക് നീതി ഉറപ്പുവരുത്തുകയാണ് പാർട്ടിയുടെ ലക്ഷ്യമെന്ന് സംസ്ഥാന പ്രസിഡന്റ് കെ.എസ്.ആർ. മേനോൻ പത്രസമ്മേളനത്തിൽ പറഞ്ഞു. സമ്പന്നർ കൂടുതൽ സമ്പന്നരാകുകയും പാവപ്പെട്ടവർ കൂടുതൽ ദരിദ്രരാകുകയും ചെയ്യുന്ന സാമ്പത്തിക വ്യവസ്ഥിതി രാജ്യത്ത് അസമത്വവും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുന്നതാണ്. സാമൂഹ്യനീതി ഉറപ്പുവരുത്താനായിരിക്കും പാർട്ടി ആദ്യം ശ്രമിക്കുകയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം കളമശ്ശേരിയിൽ ചേർന്ന പ്രതിനിധി യോഗം സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യം അവലോകനം ചെയ്തു. ജില്ലകളിലെ പ്രവർത്തനം സജീവമാക്കുന്നതിനായി അഡ്‌ഹോക്ക് കമ്മിറ്റികൾ രൂപീകരിച്ചു. നിലവിൽ 12 ജില്ലാ കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രവർത്തനങ്ങൾ നടത്തി വരികയാണെന്നും അദ്ദേഹം പറഞ്ഞു. കോന്നി ഗോപകുമാർ, മല്ലേലി ശ്രീധരൻ നായർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.