തൃക്കാക്കര : ജില്ലയിലെ റോഡുകളുടെ അറ്റകുറ്റപ്പണി സംബന്ധിച്ച പുരോഗതി ജില്ലാ കളക്ടർ എസ്. സുഹാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അവലോകനം ചെയ്തു. അടിയന്തര അറ്റകുറ്റപ്പണി നിർദേശിച്ച റോഡുകളെ സംബന്ധിച്ച റിപ്പോർട്ടാണ് കളക്ടർ പരിശോധിച്ചത്.

ജില്ലയിലെ 45 റോഡുകൾ അടിയന്തരമായി ഗതാഗതയോഗ്യമാക്കാനാണ് ക്രിമിനൽ നടപടിച്ചട്ടത്തിലെ വകുപ്പ് പ്രകാരം കളക്ടർ ഉത്തരവിട്ടിരുന്നത്. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കും കരാറുകാർക്കുമെതിരെ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. റോഡുകളുടെ ചുമതല വഹിക്കുന്ന എക്‌സി.എൻജിനിയർമാരും അസി.എക്‌സിക്യുട്ടീവ് എൻജിനിയർമാരും വിശദീകരണം നൽകി. മഴ തുടരുന്നത് നിർമാണപ്രവർത്തനങ്ങൾക്ക് തടസമാകുന്നതായി അവർ യോഗത്തെ അറിയിച്ചു. രാത്രിയിൽ പരമാവധി നിർമാണം നടത്താൻ ജില്ലാ കളക്ടർ നിർദ്ദേശിച്ചു. ഇതു സംബന്ധിച്ച് 23ന് എറണാകുളം ഗസ്റ്റ് ഹൗസിൽ അടുത്ത യോഗം ചേരും. കളക്ടറുടെ ഉത്തരവിന് മുമ്പും ശേഷവുമുള്ള റോഡുകളുടെ സ്ഥിരി സംബന്ധിച്ച് ചിത്രങ്ങൾ വകുപ്പുകൾ ഹാജരാക്കണം. റോഡ് നിർമാണ പുരോഗതി സംബന്ധിച്ച് പൊലീസും ഇതുമായി ബന്ധപ്പെടുന്ന മറ്റു വകുപ്പുകളും റിപ്പോർട്ട് നൽകും. കൃത്യവിലോപം കാണിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ നടപടിച്ചട്ടപ്രകാരം നടപടി സ്വീകരിക്കും. അറ്റകുറ്റപ്പണിയുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥരുടെയും എക്‌സിക്യുട്ടീവ് എൻജിനിയർമാരുടെയും വിവരം ശേഖരിക്കാനും കളക്ടർ നിർദ്ദേശം നൽകി. പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ ജി.പൂങ്കുഴലി, അസി.കമ്മിഷണർ (ട്രാഫിക്) ഫ്രാൻസിസ് ഷെൽബി തുടങ്ങിയവരും പങ്കെടുത്തു