ആലുവ: ആലുവ ജില്ലാ ആശുപത്രി അക്രമികളുടെ കേന്ദ്രമാകുന്നതിന് പിന്നിൽ അധികൃതരുടെ അനാസ്ഥയ്ക്കാണ് പ്രഥമസ്ഥാനം. ജില്ലാ ആശുപത്രിയാക്കി വർഷങ്ങൾക്ക് മുമ്പ് ഉയർത്തിയതോടെ നിത്യേന ഇവിടെ ചികിത്സതേടിയെത്തുന്നത് ആയിരങ്ങളാണ്. ചികിത്സാ സംവിധാനങ്ങളെല്ലാം ഉള്ളതിനാൽ എല്ലാവിഭാഗക്കാരും എത്തുന്നുണ്ട്.
ആശുപത്രിയിലെ തിരക്ക് ഏറിയതോടെ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്ന് ജില്ലാ പൊലീസ് മേധാവികളോടെ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി പലവട്ടം ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ലെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ. അബ്ദുൾ മുത്തലിബ് പറഞ്ഞു. മാറിമാറി വന്ന മൂന്ന് ജില്ലാ പൊലീസ് മേധാവികൾക്ക് ഇത് സംബന്ധിച്ച് രേഖാമൂലം നിവേദനം നൽകിയിട്ടുണ്ട്. നേരത്തെ ജില്ലാ ആശുപത്രിയിലെ പാർക്കിംഗ് ഏരിയയിലെ പിരിവുമായി ബന്ധപ്പെട്ട് സംഘർഷം ഉണ്ടായപ്പോഴാണ് ആദ്യം ആവശ്യം ഉന്നയിച്ചത്. പക്ഷെ അധികാരികൾ കേട്ടഭാവം നടിച്ചില്ല. തുടർന്ന് പിന്നീടുവന്ന എസ്.പിമാർക്കും നിവേദനം നൽകി. സേനാബലം കുറവാണെന്ന കാരണത്താൽ ആവശ്യം നിരാകരിച്ചു.
ആലുവ മേഖലയിൽ എവിടെ സംഘർഷം നടന്നാലും ചികിത്സ തേടിയെത്തുന്നത് ഇവിടെയാണ്. ഗുണ്ടാസംഘങ്ങൾ പരസ്പരം ഏറ്റുമുട്ടിയാൽ ഇരുവിഭാഗവും ഇവിടെത്തന്നെ ചികിത്സയ്ക്കെത്തും. പലപ്പോഴും ആശുപത്രിയിലും സംഘർഷം നടക്കാറുണ്ട്. നേരത്തെ പൊലീസ് എയ്ഡ് പോസ്റ്റിന്റെ ഒരു ബോർഡ് ഇവിടെ ഉണ്ടായിരുന്നു. കെട്ടിടം പുതുക്കിപ്പണിതപ്പോൾ അതും നഷ്ടമായി. ആശുപത്രിയിലെ വാട്ടർ ടാങ്കിൽ നിന്ന് ചീഞ്ഞളിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവവും ഇവിടെ ഉണ്ടായിട്ടുണ്ട്.
സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട രക്തബാങ്ക്, ഡയാലിസിസ് സെന്റർ, ഹീമോഫീലിയ സെന്റർ എന്നിവയെല്ലാം ആലുവ ജില്ലാ ആശുപത്രിയിലുണ്ട്.