കൊച്ചി: പാട്ടും ആരവും പഴങ്കഥകളും നിറച്ച് മുത്തശ്ശിമാർക്കൊപ്പം കൊച്ചി മെട്രോയുടെ സുഖശീതളിമയിൽ യാത്ര ചെയ്ത് എറണാകുളം ഗവ.ഗേൾസ് യു.പി.സ്കൂൾ വിദ്യാർത്ഥിനികൾ. എറണാകുളം മേഴ്സി ഹോമിലെ അമ്മമാർക്കൊപ്പം നടത്തിയ ഇന്നലത്തെ മെട്രോ യാത്ര കുഞ്ഞു മനസുകൾക്ക് വേറിട്ടൊരനുഭവമായി. ഉച്ചയ്ക്ക് 1 മണിക്ക് വിദ്യാർത്ഥിനികളും അദ്ധ്യാപകരും പി.ടി.എ.പ്രതിനിധികളും സ്കൂളിൽ നിന്ന് എറണാകുളം സൗത്ത് സ്റ്റേഷനിലെത്തി. അവിടെ അവരെ കാത്തു നിന്നിരുന്ന എ.ഇ.ഒ.അൻസലാം എ.എസ് മെട്രോ യാത്ര ഉദ്ഘാടനം ചെയ്ത് അവർക്കൊപ്പം കൂടി .അമ്മമാർ മഹാരാജാസ് ഗ്രൗണ്ട് മെട്രോ സ്റ്റേഷനിലുമെത്തി. അവിടെ അവരെയും കാത്ത് ഹെഡ്മാസ്റ്റർ ടി.വി.പീറ്റർ കാത്തു നിൽപ്പുണ്ടായിരുന്നു. കൊച്ചുമക്കളെ കണ്ടപ്പോൾ മുത്തശ്ശിമാർക്ക് ആഹ്ലാദമായി.

പിന്നീട് അവരോടൊപ്പമുള്ള മെട്രോ യാത്രയിൽ അമ്മമാർ കഥകളും,നാടൻ പാട്ടുകളും,​ കടംകഥകൾ കൊണ്ട് സുന്ദരമാക്കി.പലർക്കും മെട്രോ യാത്ര ആദ്യത്തേതായിരുന്നു.പ്രായമായ മാതാപിതാക്കളെ ഉപേക്ഷിക്കരുതെന്നും അവർക്ക് താങ്ങായി കൂടെ ഉണ്ടാകണമെന്നും അമ്മമാർ കുട്ടികളോട് പറഞ്ഞു. തൈക്കൂടം സ്റ്റേഷനിൽ നിന്ന് തിരിച്ച് 3 മണിക്ക് എല്ലാവരും സൗത്ത് സ്റ്റേഷനിൽ ഇറങ്ങി. തുടർന്ന് സ്കൂളിൽ ഒത്തുകൂടി.ഓമനക്കുട്ടൻ ഗോവിന്ദനെന്ന പഴയ താരാട്ട് പാട്ട് പാടി മറിയാമ്മ മുത്തശ്ശി കുട്ടികളെ സന്തോഷിപ്പിച്ചു. കളിയും ചിരിയുമായി മേഴ്സി ഹോമിലെ 8 അമ്മമാർ രണ്ട് മണിക്കൂറോളം അവർക്കൊപ്പം സമയം ചിലവിട്ടു. സ്കൂളിലെ 188 വിദ്യാർത്ഥിനികളും ഹെഡ്മാസ്റ്ററും, പി.ടി.എ.പ്രസിഡന്റ് ഡോ. സുമി ജോയ് ഓലിയപ്പുറം , വൈസ് പ്രസിഡന്റ് ഷീബൻ കെ.വി.എസ്.എം.സി ചെയർമാൻ സുനീർ സി.എം. ,പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങൾ , അദ്ധ്യാപകർ തുടങ്ങിയവരും വിദ്യാർത്ഥികൾക്കും അമ്മമാർക്കുമൊപ്പം കൂടി .