കൊച്ചി: കൊച്ചി കോർപ്പറേഷന്റെ ആസ്ഥാന മന്ദിര നിർമ്മാണത്തിന് വീണ്ടും അനക്കം വച്ചു. ഈ ഭരണസമിതിയുടെ കാലാവധി കഴിയുന്നതിന് മുമ്പ് പണി എങ്ങനെയെങ്കിലും പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. ആധുനിക സൗകര്യങ്ങളോടെ പുതിയ ഓഫീസ് മന്ദിരം വരുമെന്ന് ഭരണക്കാർ പറയാൻ തുടങ്ങിയിട്ട് 15 വർഷമായി.നിർമ്മാണചെലവ് 12 കോടിയിൽ നിന്ന് 24 ലേക്ക് എത്തി. എൽ.ഡി.എഫും യു.ഡി.എഫും മാറിവന്നു. വൈറ്റില മൊബിലിറ്റി ഹബ്ബ്, മെട്രോ, മാളുകൾ അങ്ങനെ കൊച്ചിയുടെ മുഖച്ഛായ തന്നെ മാറി. എന്നാൽ വികസനപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന കോർപ്പറേഷന്റെ ഓഫീസ് നിർമ്മാണം ഇപ്പോഴും പാതിവഴിയിലാണ്.

# തറക്കല്ലിട്ടത് മൂന്നു പ്രാവശ്യം

കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള എറണാകുളത്തപ്പൻ ഗ്രൗണ്ടിലാണ് ആദ്യം ഓഫീസ് പണിയാൻ നിശ്ചയിച്ചത്. 2005 ൽ അന്നത്തെ മേയർ സി.എം.സോമസുന്ദര പണിക്കർ അവിടെ തറക്കല്ലുമിട്ടു. എന്നാൽ കേസിനെ തുടർന്ന് ആ സ്ഥലം ശിവക്ഷേത്രത്തിന് കൈമാറേണ്ടി വന്നു. പിന്നീട് സി.എം. ദിനേശ് മണി മേയറായിരിക്കുമ്പോഴാണ് മറൈൻഡ്രൈവിൽ ഗോശ്രീപാലത്തിന് സമീപം സ്ഥലം വാങ്ങിയത്. 2006 ൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തറക്കല്ലിട്ടു. എന്നിട്ടും പണി മുന്നോട്ടു പോയില്ല. പിന്നീട് 2015 ൽ മുൻ മന്ത്രി കെ.ബാബു വീണ്ടും തറക്കല്ലിട്ടു.

# കെട്ടിടത്തിന്റെ സവിശേഷതകൾ

ഒന്നരയേക്കർ സ്ഥലം

170,000 സ്ക്വയർ ഫീറ്റ് വിസ്തീർണം

ആറു നില കെട്ടിടം

നിർമ്മാണചുമതല പി.കെ.രാമചന്ദ്രൻ ആൻഡ് കമ്പനിക്ക്

ഇടതും വലത്തുമായി രണ്ട് ബ്ളോക്കുകൾ

ഒന്നാം നിലയിൽ 200 പേർക്ക് ഇരിക്കാവുന്ന കൗൺസിൽ ഹാൾ, സന്ദർശക ഗാലറി, മേയറുടെ കാബിൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരുടെ ഓഫീസുകൾ.

ഗ്രൗണ്ട് ഫ്ളോറിൽ ജനസേവനകേന്ദ്രം, മറ്റു നിലകളിൽ വിവിധ ഓഫീസുകൾ

# എസ്റ്റിമേറ്റിലെ പാളിച്ച വിനയായി

കരാർ പ്രകാരം 2006 ൽ തുടങ്ങിയ കെട്ടിടത്തിന്റെ പണി ഒരു വർഷത്തിനകം പൂർത്തിയാക്കേണ്ടതായിരുന്നു. എന്നാൽ ആദ്യ വർഷത്തിൽ എട്ടു കോടിയുടെ പണി പൂർത്തിയാക്കിയ കരാറുകാരന് ആറു കോടി മാത്രം നഗരസഭ നൽകിയതോടെ പ്രശ്നങ്ങളായി. പൈപ്പിംഗ് ജോലികളിൽ എസ്റ്റിമേറ്റിൽ വരാത്ത ഇനങ്ങൾ കരാറുകാരൻ കൃത്യമായി വ്യക്തമാക്കിയെങ്കിലും നഗരസഭ പണം നൽകാൻ കൂട്ടാക്കിയില്ല.നഷ്ടം സഹിച്ച് നിർമ്മാണം തുടരില്ലെന്ന് പറഞ്ഞ് കരാറുകാരൻ പിൻമാറിയതോടെ പണി നിലച്ചു.

2009,2012 വർഷങ്ങളിൽ പദ്ധതി വീണ്ടും റീടെൻഡർ ചെയ്തു. തുടർന്ന് 2012 ലെ എസ്റ്റിമേറ്റ് തുകയേക്കാൾ 22.2 ശതമാനം അധികനിരക്കിൽ പദ്ധതി പൂർത്തിയാക്കാൻ അതേ കരാറുകാരന് അനുമതി നൽകി. ഇതിനിടെ ആദ്യം കരാറെടുത്ത പി.കെ.രാമചന്ദ്രൻ മരിച്ചു. തുടർന്ന് മകൻ ദിനൂബ് രാമചന്ദ്രൻ നിർമ്മാണം ഏറ്റെടുത്തു.

# പ്രതിപക്ഷം ഇടങ്കോലിട്ടു: മേയർ

കെട്ടിടത്തിന്റെ നിർമ്മാണം നടന്നുവരുന്നു. ഫ്ളോറിംഗ്,ബ്രിക് വർക്കുകളാണ് ഇപ്പോൾ നടക്കുന്നത്.പുറത്തെ തേപ്പുപണികൾ കഴിഞ്ഞു.‌‌ കെട്ടിടം പണി വേഗത്തിലാക്കാനായി 25 കോടി രൂപ ഹഡ്കോയിൽ നിന്ന് വായ്പയെടുക്കാൻ തീരുമാനിച്ചിരുന്നു. ധനകാര്യ സമിതി അനുമതിയും നൽകി. എന്നാൽ പ്രതിപക്ഷത്തിന്റെ വിയോജിപ്പ് മൂലം കൗൺസിലിൽ ഈ അജണ്ട പാസാക്കാൻ കഴിഞ്ഞില്ല.

സൗമിനി ജെയിൻ, കൊച്ചി മേയർ