48.മണിക്കൂറിൽ കിട്ടിയാൽ ഇപ്പൊ ശരിയാക്കിതരാം
ഇടപ്പള്ളി :നാല്പത്തിയെട്ടു മണിക്കൂർ ഫ്രീ ആയി കിട്ടിയാൽ അപ്പോൾ മാറും ഇടപ്പള്ളി റെയിൽവേ പാലത്തിലെ കുഴികൾ.ഈ ആവശ്യം ഉന്നയിച്ചു ദേശീയ പാത അതോറിട്ടി അധികൃതർ ജില്ലാ പൊലീസ് അധികാരികൾക്ക് കത്ത് നൽകിയിട്ടു മൂന്നു മാസത്തോളമായി .മറുപടിയില്ലെന്നു മാത്രമല്ല ആര് നീക്കുമെന്നുയറിയാത്ത ഈ അഴിയാകുരുക്കിപ്പോൾ ജില്ലാ കളക്ടറുടെ മുന്നിലാണ്. മേല്പാലത്തിലെ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന ഭാഗങ്ങൾ ശരിയാക്കണമെങ്കിൽ ഇത് വഴിയുള്ള ഗതാഗതം പൂർണ്ണമായും നിർത്തണമെന്നാണ് ദേശീയ പാത അതോറിട്ടിയുടെ നിലപാട് .രണ്ടു ദിവസം പണികൾ നടത്താനായി വേണ്ടി വരും .പാലത്തിന്റെ ഉപരിതലത്തിൽ ആദ്യം ഷീറ്റു പാകണം .തുടർന്ന് വേണം ടാറിംഗ് നടത്താൻ .ഇത്രയും പണികൾ നടക്കുമ്പോൾ ഇതിനിടയിലൂടെ വാഹനങ്ങൾ കടത്തിവിട്ടാൽ തകർച്ചയും മറ്റുമുണ്ടാകുമെന്നാണ് അധികൃതരുടെ നിലപാട് .പണികളിലെ ക്രമക്കേടുകളെ ചൊല്ലി വ്യപകമായി പരാതികളുയരുന്ന സാഹചര്യങ്ങളാണിപ്പോൾ പൊതുമരാമത്തു അധികൃതരെയും ഇത്തരം കടുത്ത നിലപാടുകളിലേക്കു പ്രേരിപ്പിക്കുന്നത് .
ഗതാഗതം നിർത്തുന്നത് പ്രായോഗികമല്ല: പൊലീസ്
തിരക്കേറിയ ഈ റൂട്ടിലെ വാഹനങ്ങൾ തിരിച്ചു വിടുകയെന്നത് എളുപ്പമുള്ള കാര്യമല്ലെന്ന നിലപാടിലാണ് പൊലീസ്. പറവൂർ റൂട്ടിലെ വാഹനങ്ങളും ആലുവ ഭാഗത്തു തിരിച്ചു വിട്ടാൽ ഇവിടേയും ഗാതത കുരുക്ക് രൂക്ഷമാകും . മറ്റു വഴികളൊന്നും ഇടപ്പളിയിൽ നിന്നുമില്ലാത്തതാണ് പ്രശനം.പാലത്തിന്റെ ഒരു വശത്തു കൂടി വാഹനങ്ങൾ കടത്തിവിട്ടു പണികൾ നടത്തുകയെന്നതാണ് പൊലീസിന്റെ അഭിപ്രായം. കൂടാതെ രാത്രികാലങ്ങളിൽ പണികൾ നടത്തുകയെന്നതും മുന്നോട്ടു വക്കുന്നു.എന്നാൽ ഇത് സംബന്ധിച്ചു ചർച്ചകളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല .
പോംവഴി തേടി കളക്ടറുടെ മുന്നിലും
പണികൾ നടത്താനായി കഴിഞ്ഞ ദിവസം ദേശീയ പാത അതോറിട്ടി അധികൃതർ ജില്ലാ കലക്ടറുമായി കൂടിക്കാഴ്ച നടത്തി. ഗതാഗതം പൂർണ്ണമായും നിർത്തികൊടുക്കണമെന്ന ആവശ്യമാണ് അധികൃതർ മുന്നോട്ടു വച്ചത് .എന്നാൽ ഇതിനു കൃത്യമായ ഒരു പരിഹാരം ജില്ലാ കളക്ടറും നൽകിയിട്ടില്ല .ആവശ്യമായ സാഹചര്യം ഒരുക്കി നൽകാമെന്നാണ് അറിയിച്ചിയരിക്കുന്നതെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ പ്രേംജിലാൽ പറഞ്ഞു .തീരുമാനത്തിന്റെ കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ് .
15 ലക്ഷം
പാലത്തിലെ പൂർണ്ണ തോതിലുള്ള പണികൾക്ക്
അപേക്ഷ നൽകിയിട്ടും നടപടിയില്ല
പണികൾക്കായുള്ള സൗകര്യങ്ങൾ ഒരുക്കിതരണമെന്നു ആവശ്യപ്പെട്ടു ജൂലായ് മാസത്തിൽ എക്സിക്യൂട്ടീവ് എൻജിനീയർ ജില്ലാ പൊലീസ് വിഭാഗത്തിന് അപേക്ഷ നൽകിയിരുന്നു .എന്നാൽ പൊലീസിന്റെ ഭാഗത്തു നിന്നും അറിയിപ്പുയൊന്നും ലഭിക്കാത്തതിനാൽ പണികൾ നടത്തിയില്ല .