നെടുമ്പാശേരി: പ്രളയക്കെടുതി വിലയിരുത്താനെത്തിയ കേന്ദ്രസംഘം പ്രളയം നാശംവിതച്ച കുന്നുകര പഞ്ചായത്തിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു. കേന്ദ്ര ആഭ്യന്തര വകുപ്പ് ഡപ്യൂട്ടി സെക്രട്ടറി എച്ച്.ആർ മീണയുടെ നേതൃത്വത്തിൽ എത്തിയ സംഘം മലായിക്കുന്ന്, കുന്നുകര, വയൽകര എന്നിവിടങ്ങളിലാണ് സന്ദർശിച്ചത്.
മലായിക്കുന്നിൽ ശക്തമായ മഴയിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് തയ്യിൽ വീട്ടിൽ ചൊറിഞ്ചു, മലായി വീട്ടിൽ മണി, ശാന്ത എന്നിവരുടെ വീടുകൾ അപകടാവസ്ഥയിലായിരുന്നു. പതിനഞ്ചടിയോളം ഉയരത്തിലാണ് ഇവരുടെ വീടുകൾ സ്ഥിതി ചെയ്യുന്നത്. തൊട്ടടുത്ത സ്ഥലത്തുനിന്നും ഏതാണ്ട് പതിനഞ്ച് അടിയോളം മുകളിലാണ് വീടുകൾ സ്ഥിതി ചെയ്യുന്നത്. താഴെയുള്ള സ്ഥലത്ത് മുൻപ് റൈസ് മിൽ പ്രവർത്തിച്ചിരുന്നു. വർഷങ്ങൾക്ക് മുൻപ് ഇവിടെ നിന്നും മണ്ണ് നീക്കം ചെയ്തപ്പോൾ റൈസ് മിൽ ഉടമ കരിങ്കൽ ഉപയോഗിച്ച് സ്ഥാപിച്ചിരുന്ന സംരക്ഷണ ഭിത്തി അടുത്തിടെ ശക്തമായ മഴയിൽ ഇടിഞ്ഞു വീണതോടെയാണ് വീടുകൾ അപകടാവസ്ഥയിലായത്. വീടിന്റെ അടിഭാഗത്തുനിന്നുവരെ മണ്ണിടിഞ്ഞ് വീണതോടെ ഇവിടെ താമസിക്കാൻ പറ്റാത്ത അവസ്ഥയിലാണ്.
കുന്നുകര ജംഗ്ഷന് സമീപം 20 അടിയോളം ഉയരത്തിലുള്ള വയൽക്കര റോഡിൽ അഹന ഓഡിറ്റോറിയത്തിന് സമീപം റോഡിൽ വിള്ളൽ വീണ ഭാഗവും സംഘം സന്ദർശിച്ചു. കാർഷിക മേഖലയ്ക്ക് ശക്തമായ തിരിച്ചടിയേറ്റ വയൽക്കര, കുറ്റിയാൽ പാടശേഖരങ്ങളും, തകർന്നടിഞ്ഞ കുന്ന് കോട്ടപ്പുറം റോഡും സംഘം കണ്ട് നാശ നഷ്ടം വിലയിരുത്തി.
വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ, ജില്ലാ കളക്ടർ എസ്. സുഹാസ് എന്നിവരോടൊപ്പമാണ് സംഘം സന്ദർശനത്തിനെത്തിയത്. സംഘാംഗങ്ങളായ വി.വി. ശാസ്ത്രി, വി. മോഹൻ മുരളി, ഡെപ്യൂട്ടി കളക്ടർ കെ.ടി. സന്ധ്യാദേവി, കുന്നുകര ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഫ്രാൻസിസ് തറയിൽ, പറവൂർ തഹസിൽദാർ എം.എച്ച്. ഹരീഷ്, കൃഷി ഓഫീസർ സൗമ്യ സണ്ണി തുടങ്ങിയവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.