# മെമ്മറിവാക്ക് 21ന്

കൊച്ചി: അൽഷിമേഴ്‌സ് അഥവാ മറവിരോഗത്തെക്കുറിച്ച് പൊതുസമൂഹത്തിൽ അറിവ് വർദ്ധിപ്പിക്കാൻ മൂന്നുദിവസം നീളുന്ന രാജ്യാന്തര സമ്മേളനം 'ഉദ്‌ബോധ്' നവംബർ ഒന്നിന് കൊച്ചിയിൽ ആരംഭിക്കും. കളമശേരിയിൽ കുസാറ്റ് സെമിനാർ കോംപ്ലക്‌സിലാണ് സമ്മേളനം നടക്കുകയെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

അൽഷിമേഴ്‌സ് ആൻഡ് റിലേറ്റഡ് ഡിസോർഡേഴ്‌സ് സൊസൈറ്റി ഒഫ് ഇന്ത്യ, മാജിക്‌സ്, നാഷണൽ ഹെൽത്ത് മിഷൻ, ഐ.എം.എ കെയർ ഫോർ എൽഡേർളി, ഡി.ടി.പി.സി, കേരള ആരോഗ്യ സർവകലാശാല എന്നിവയുടെ സഹകരണത്തോടെ കുസാറ്റ് ബയോടെക്‌നോളജി വിഭാഗത്തിലെ സെന്റർ ഫോർ ന്യൂറോസയൻസ് പ്രജ്ഞയുടെ ആഭിമുഖ്യത്തിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.

യു.എസ്, യു.കെ, ജർമ്മനി, ആസ്‌ട്രേലിയ, സ്വിറ്റ്‌സർലാൻഡ്, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലെയും രാജ്യത്തെ പ്രമുഖ ആരോഗ്യ സ്ഥാപനങ്ങളിലെയും വിദഗ്ദ്ധർ പങ്കെടുക്കും. ഡോക്യുമെന്ററി, ചലച്ചിത്ര പ്രദർശനം, രോഗികളെ പരിപാലിക്കുന്നവർക്ക് ശില്പശാല, വിദഗ്ദ്ധരുമായി സംവാദം തുടങ്ങിയവ സംഘടിപ്പിക്കും.

വിദ്യാഭ്യാസ സ്ഥാപനങ്ങളും പൊതു ഇടങ്ങളും കേന്ദ്രീകരിച്ച് മെമ്മറിക്ലിനിക്ക്, മെമ്മറികഫേ, റോഡ്‌ഷോ, പോസ്റ്റർചിത്ര പ്രദർശനം, മെമ്മറി കിയോസ്‌ക്, തെരുവുനാടകം തുടങ്ങി ആറുമാസം നീളുന്ന പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്.
സെപ്തംബർ 21ന് ലോക അൽഷിമേഴ്‌സ് ദിനത്തോട് അനുബന്ധിച്ച് മെമ്മറിവാക്ക് സംഘടിപ്പിക്കും. ഡർബാർ ഹാൾ ഗ്രൗണ്ടിൽ നിന്ന് വൈകിട്ട് മൂന്നിനാരംഭിക്കുന്ന കൂട്ടനടത്തം മേനകവഴി തിരിച്ച് ഡർബാർ ഹാൾ ഗ്രൗണ്ടിൽ സമാപിക്കും. സംഘാടകസമിതി ചെയർമാൻ ഡോ. ജേക്കബ് റോയ്, വൈസ് ചെയർമാൻ ഡോ. എസ്. ഷാജി, ജനറൽ സെക്രട്ടറി ഡോ. പ്രവീൺ ജി. പൈ, ട്രഷറർ ഡോ. ബേബി ചക്രപാണി, ഐ.എം.എ കൊച്ചി ഘടകം പ്രസിഡന്റ് ഡോ. ജുനൈദ് റഹ്മാൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.