പറവൂർ : പ്രളയത്തെത്തുടർന്നുണ്ടായ നാശനഷ്ടങ്ങൾ പഠിക്കാൻ കേന്ദ്രസംഘം പറവൂർ താലൂക്കിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു. പുത്തൻവേലിക്കര പഞ്ചായത്തിലെ തേലതുരുത്ത്, പറവൂർ നഗരസഭയിലെ തട്ടുകടവ്, മാട്ടുമ്മൽതുരുത്ത് തുടങ്ങിയ പ്രദേശങ്ങളിലാണ് സന്ദർശനം. കേന്ദ്ര ട്രാൻസ്പോർട്ട് ആൻഡ് ഹൈവേയ്സ് റീജിയണൽ ഓഫീസർ വി.വി. ശാസ്ത്രി, കേന്ദ്ര ജലഗതാഗത വകുപ്പ് സൂപ്രണ്ടിംഗ് എൻജിനീയർ വി. മോഹൻമുരളി, കേന്ദ്ര ഗ്രാമ വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എച്ച്.ആർ|. മീണ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓഫീസർ ഡോ. സ്പെൻസർ എന്നിവരാണ് എത്തിയത്. കാർഷിക മേഖലയിലെ നാശനഷ്ടങ്ങളും, പ്രളയത്തിൽ തകർന്ന വീടുകളും പുഴയോരങ്ങളിലെ മണ്ണിടിച്ചിലും സംഘം പരിശോധിച്ചു. വി.ഡി. സതീശൻ എം.എൽ.എ, ജില്ലാ കളക്ടർ എസ്. സുഹാസ്, സബ് കളക്ടർ സ്നേഹിൽ സിംഗ്, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ കെ.ടി. സന്ധ്യാദേവി, തഹസിൽദാർ എം.എച്ച്. ഹരിഷ്, റവന്യൂ, കൃഷി, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ സംഘത്തോടൊപ്പമുണ്ടായിരുന്നു.