നാശനഷ്ടം നേരിൽ കണ്ട് കേന്ദ്രസംഘം
കൊച്ചി: പ്രളയമേൽപ്പിച്ച ആഘാതം നേരിൽ ബോദ്ധ്യപ്പെട്ട് കേന്ദ്ര സർക്കാർ നിയോഗിച്ച ഉന്നതതല സംഘം.. പറവൂർ, ആലുവ താലൂക്കുകളിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച സംഘം മുമ്പാകെ വിവിധ മേഖലകളിൽ ജില്ല നേരിട്ട നാശനഷ്ടത്തിന്റെ കണക്കുകൾ ജില്ലാ കളക്ടർ എസ്. സുഹാസും.എം.എൽ.എമാരടക്കമുള്ള ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് കേന്ദ്രസംഘത്തെ ബോദ്ധ്യപ്പെടുത്തി. തകർന്ന വീടുകളും റോഡുകളും കൃഷിനാശവും നേരിൽ കണ്ട സംഘം ഇവ കേന്ദ്ര സർക്കാരിന് സമർപ്പിക്കുന്ന റിപ്പോർട്ടിൽ ഉൾപ്പെടുത്തുമെന്നറിയിച്ചു.
169 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 13,768 കുടുംബങ്ങളിലെ 43,618 പേരെ ക്യാമ്പുകളിൽ പാർപ്പിച്ചു. 27 വീടുകൾ പൂർണമായും 350 വീടുകൾ 75 ശതമാനവും തകർന്നു. 358.527 ലക്ഷം രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. നഗരപ്രദേശത്ത് 3,278 വീടുകൾക്ക് ഭാഗികമായി കേടുപാടുണ്ടായി. 819.5 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. ഗ്രാമപ്രദേശത്ത് 10,786 വീടുകൾ ഭാഗികമായി നശിച്ചു. 3,516 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി.404 വാർഡുകളിലെ മാലിന്യങ്ങൾ നീക്കം ചെയ്‌തഇനത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് 250 ലക്ഷം രൂപയുടെ സാമ്പത്തിക ബാദ്ധ്യതയുണ്ടായി. 3,122 ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചു. 14,134 കർഷകരെ പ്രളയം നേരിട്ട് ബാധിച്ചു. 214.353 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. 106 കന്നുകാലികളും 13,311 വളർത്തു കോഴികളും ചത്തു. വ്യവസായ മേഖലയിൽ 81.14 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി.കെ.എസ്.ഇ.ബിയുടെ 32 ട്രാൻസ്ഫോമറുകളും 1,985 വൈദ്യുത പോസ്റ്റുകളും നശിച്ചു. 853 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായതെന്നും കളക്‌ടർ വിവരിച്ചു.
കേന്ദ്രസംഘം ആലുവ മണപ്പുറവും സന്ദർശിച്ചു. കുന്നുകരയിൽ വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഫ്രാൻസിസ് തറയിൽ എന്നിവരും സംഘത്തെ കാണാനെത്തി. തുടർന്ന് പുത്തൻവേലിക്കര, പറവൂർ മാർക്കറ്റ് ജെട്ടിയിൽ നിന്നും ബോട്ടിൽ സഞ്ചരിച്ച് കേന്ദ്രസംഘം പ്രളയബാധിത മേഖലകൾ സന്ദർശിച്ചു.
നാശംവിതച്ചത് 62 വില്ലേജുകളിൽ