കൊച്ചി : കോളേജ് ഹോസ്റ്റലുകളിൽ വിദ്യാർത്ഥികൾ മൊബൈൽ ഫോണും ലാപ്ടോപ്പും ഉപയോഗിക്കുന്നത് നിയന്ത്രിക്കുന്നത് മൗലികാവകാശ ലംഘനമാണെന്നും ഇത്തരം നിയന്ത്രണങ്ങൾ ഉചിതമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
കോഴിക്കോട്ടെ ഒരു കോളേജിലെ പെൺകുട്ടികളുടെ ഹോസ്റ്റലിൽ വൈകിട്ട് ആറുമുതൽ പത്തുവരെ മൊബൈൽ ഫോൺ നിയന്ത്രിച്ചതിനെതിരെ വിദ്യാർത്ഥിനി നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. ഫോൺ നിയന്ത്രണം അംഗീകരിക്കാത്തതിന് ഹോസ്റ്റലിൽ നിന്ന് പുറത്താക്കിയ ഹർജിക്കാരിയെ ഉടൻ തിരിച്ചെടുക്കാനും കോടതി നിർദ്ദേശിച്ചു.
ആൺകുട്ടികളുടെ ഹോസ്റ്റലിൽ ഇല്ലാത്ത ഇത്തരം നിയന്ത്രണങ്ങൾ ലിംഗവിവേചനമാണെന്നും പെൺകുട്ടികളുടെ സുരക്ഷയുടെ പേരിൽ ഇത്തരം വിവേചനങ്ങൾ പാടില്ലെന്ന് യു.ജിസി വ്യക്തമാക്കിയിട്ടുള്ളതാണെന്നും ഹർജിക്കാരി ചൂണ്ടിക്കാട്ടിയിരുന്നു. ഫോണിന് നിരോധനമില്ല, പഠിക്കുന്ന സമയത്ത് നിയന്ത്രണം ഏർപ്പെടുത്തുകയാണ് ചെയ്തതെന്ന് കോളേജ് അധികൃതർ വിശദീകരിച്ചു. ഹോസ്റ്റൽ പ്രവേശന നിബന്ധനയിൽ ഇക്കാര്യം ഉണ്ടെന്നും ഹർജിക്കാരി ഒഴികെ മറ്റാരും ഇതിനെ എതിർത്തിട്ടില്ലെന്നും കോളേജ് അധികൃതർ വ്യക്തമാക്കി. മറ്റാരും എതിർത്തില്ലെന്ന കാരണത്താൽ ഒരു വ്യവസ്ഥ അംഗീകരിക്കാനാവില്ലെന്ന് സിംഗിൾബെഞ്ച് വ്യക്തമാക്കി.