നെടുമ്പാശേരി: അന്താരാഷ്ട്ര വിമാനത്താവളത്തിൽ 35 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. രണ്ട് കേസുകളിലായി ഒരു കിലോയോളം സ്വർണമാണ് പിടികൂടിയത്. 750 ഗ്രാം തൂക്കം വരുന്ന നാല് തങ്കവളകൾ എമിഗ്രേഷൻ ഭാഗത്തെ ടോയ്‌ ലെറ്റിൽ നിന്നാണ് കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം കണ്ടെത്തിയത്. ഇത് കൊണ്ടുവന്ന യാത്രക്കാരനെ കണ്ടെത്താനായില്ല. സി.സി.ടി.വി കാമറ ദൃശ്യങ്ങൾ പരിശോധിച്ച് ആളെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു. മലപ്പുറം സ്വദേശിയായ യാത്രക്കാരനാണ് 250 ഗ്രാം സ്വർണവുമായി പിടിയിലായത്. എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽ നിന്നാണ് ഇയാൾ നെടുമ്പശേരിയിൽ എത്തിയത്. സ്വർണം ചെറു കഷണങ്ങളാക്കി പെർഫ്യൂം ബോട്ടിലിന്റെയും ഇൻസ്ട്രുമെന്റ് ബോക്‌സിന്റെയും അകത്ത് ഒളിപ്പിച്ചിരിക്കുകയായിരുന്നു.