mosc
കോലഞ്ചേരി മെഡിക്കൽ കോളേജ്

കോലഞ്ചേരി: മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ച് മെഡിക്കൽ മിഷൻ ആശുപത്രിയു‌ടെ ഒരു വർഷം നീണ്ടു നില്ക്കുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങൾ നാളെ ഉച്ച കഴിഞ്ഞ് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാട‌നം ചെയ്യും. ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കത്തോലിക്കാ ബാവ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും.

ആശുപത്രി നടത്തുന്ന 100 സൗജന്യ ഹൃദയ ശസ്ത്രക്രിയ പരിപാടിയുടെ ഉദ്ഘാ‌ടനം ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചറും, 1000 സൗജന്യ തിമിര ശസ്ത്രക്രിയ പരിപാടിയുട‌െ ഉദ്ഘാടനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥും നിർവ്വഹിക്കും.

ജൂബിലി പ്രോഗ്രാം ബ്രോഷർ ബെന്നി ബഹനാൻ എം.പിയും, ഐക്കോണിക് കാർഡ് വി.പി സജീന്ദ്രൻ എം.എൽ.എ യും പ്രകാശനം ചെയ്യും. സുവർണ ജൂബിലി വർഷം ആശുപത്രിയിൽ ഏഴു ദിവസം തുടർച്ചയായി ചികിത്സിക്കുന്ന കുഞ്ഞുങ്ങൾക്ക് ആജീവനാന്തം ഇളവുകളോടെ ചികിത്സ ലഭ്യമാക്കുന്ന സംരഭമാണ് ഐക്കോണിക് കാർഡെന്ന് ആശുപത്രി സെക്രട്ടറിയും, സി.ഇ.ഒ യുമായ ജോയ്.പി ജേക്കബ് പത്ര സമ്മേളനത്തിൽ അറിയിച്ചു.

10,000 സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ ആരോഗ്യ പരിശോധനയും, പാഠ്യ, പാഠ്യേതര വിഷയങ്ങളിൽ പിന്നോക്കം നില്ക്കുന്നവരെ അധ്യാപകരുടെ സഹായത്തോടെ കണ്ടെത്തി പ്രത്യേക പരിചരണവും നല്കുമെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ. സോജൻ ഐപ്പും പറഞ്ഞു.

അർബുദ രോഗ ചികിത്സയും, പട്ടിക വർഗ കോളനികളിൽ ആരോഗ്യ പരിപാലന പരിപാടികളും,മെഗാ മെഡിക്കൽ പ്രദർശനവും, മെഡിക്കൽ കോൺഫറൻസുകളും, ബോധ വൽക്കരണ പരിപാടികളും, സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പുകളും, തുടർ വിദ്യാഭ്യാസ പരിപാടികളും, കുഷ്ഠ രോഗ നിർണ്ണയവും, ചികിത്സയും, ഹൃദ്രോഗം ഉണ്ടായാൽ ഉടനടി രോഗിയുടെ ജീവൻ രക്ഷിക്കാൻ ചെയ്യേണ്ട സി.പി.ആർ ട്രയിനിംഗുകളും,ജോയിന്റ് പെയിൻ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകളേക്കുറിച്ചും സമൂഹത്തിൽ അവബോധം സൃഷ്ടിക്കാനുള്ള മറ്റു വിവിധ പരിപാട‌ികളും ജൂബിലി വർഷത്തിൽ സൗജന്യമായി നടത്തും.

1970 സെപ്തംബർ 14 ന് 100 കിടക്കകളോടെ പ്രവർത്തനം ആരംഭിച്ച് ഇന്ന് 1100 കിടക്കകളും, 34 ക്ളിനിക്കൽ ഡിപ്പാർട്ടുമെന്റുകളും, 200 ഡോക്ടർമാരും, 1600 ജീവനക്കാരുമായാണ് ആശുപത്രി പ്രവർത്തിക്കുന്നത്. അർഹരായവർക്ക് സൗജന്യ ചികിത്സയും, പാവപ്പെട്ട വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പും നല്കി വരുന്നുണ്ട്. ആറ് കമ്മ്യൂണിറ്റി സെന്ററുകളിൽ സൗജന്യ മെഡിക്കൽ സേവനവും,നേത്ര രോഗ പരിപാലനവും,ലഹരി വിമുക്ത ചികിൽസകളും സംഘട‌ിപ്പിക്കുന്നുണ്ട്. പത്ര സമ്മേളനത്തിൽ അഡ്മിനിസട്രേറ്റീവ് ഡയറക്‌ടർ പ്രൊഫ. പി.വി തോമസ്, എച്ച്.ആർ മാനേജർ അഡ്വ. ബിജോയ്.തോമസ് എന്നിവരും പങ്കെടുത്തു.