#റെയിൽവേ അടിപ്പാതക്ക് കരാറായി

ഇടപ്പള്ളി: ഇടപ്പള്ളിയിലെ പഴയ ഗുരുവായൂർ റോഡിൽ അടിപ്പാത നിർമ്മിക്കാൻ നടപടികളായി.ആറു മാസത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കാനായി റെയിൽവേ നീക്കങ്ങൾ ആരംഭിച്ചു . പണികൾക്കുള്ള അവസാന അനുമതി സതേൺ റെയിൽവെയുടെ ആസ്ഥാനത്തു നിന്നും കിട്ടിയാൽ നവംബറോടെ തുടങ്ങുമെന്നാണ് റെയിൽവേ കൺസ്ട്രക്ഷൻ വിഭാഗം നൽകുന്ന സൂചന .പഴയ ഗുരുവായൂർ റോഡിലെ അടച്ചു പൂട്ടിയ റെയിൽവേ ഗേറ്റിനു നേരെയാണ് അടിപ്പാത വരുന്നത്. നിർമ്മാണത്തിന് ഒരു സ്വകാര്യ കമ്പനിക്ക് കരാർ നൽകി കഴിഞ്ഞു .

സ്ഥലവാസികളുടെയും മറ്റും അടിയന്തിര ആവശ്യങ്ങൾ കണക്കിലെടുത്താണ് റെയിൽവേ അടിപ്പാതക്ക് പ്രത്യേക പരിഗണന നൽകിയത് .എം .പി യുടെയും രണ്ടു എം .എൽ .എ മാരുടെയും ഫണ്ടുകളിൽ നിന്നുള്ള തുക ഇതിനു വേണ്ടി റെയിൽവേക്കു നൽകിയിരുന്നു .തുടർന്ന് ജന പ്രതിനിധികൾ നിരന്തരം സമ്മർദ്ദം ചെലുത്തിയതിനെ തുടർന്നാണ് റെയിൽവേയുടെ ഭാഗത്തുനിന്നും നടപടികൾ വേഗത്തിലായത് .

#3.6.കോടി രൂപ ചിലവ്

25.മീറ്റർ നീളം

4 മീറ്റർ വീതി

2.5 മീറ്റർ ഉയരം

#ഏപ്രിൽ അവസാനവാരത്തോടെ നിർമ്മാണം പൂർത്തിയാകും

അടിപ്പാതയുടെ ഇരുവശത്തുമായി നാൽപ്പതു മീറ്റർ വീതം ചരിവ് റോഡാണ് പുതുതായി നിർമ്മിക്കുന്നത് . അടിപ്പാതയിൽ വെള്ളം കെട്ടികിടക്കാതെയിരിക്കാനുള്ള സംവിധാനങ്ങളുമുണ്ട് . ചെറിയ വാഹനങ്ങൾക്ക് കടന്നു പോകാനുള്ള രീതിയിലാണ് നിർമ്മാണം . മഴക്കാലം കഴിയുന്ന മുറക്ക് പണികൾ തുടങ്ങാനാണ് റെയിൽവേയുടെ നീക്കം . ഏപ്രിൽ അവസാനത്തോടെ നിർമ്മാണം പൂർത്തിയാക്കി ഗതാഗതത്തിനു തുറന്നു കൊടുക്കാൻ കഴിയുമെന്നാണ് റെയിൽവേ വൃത്തങ്ങൾ പറയുന്നത് .

#അടിപ്പാത വരുന്നത് വലിയ നേട്ടം

അടിപ്പാത വരുന്നതോടെ ചെറു വാഹന യാത്രക്കാർക്കും അമൃത ഹോസ്പിറ്റലിലേക്കെത്തുന്ന രോഗികൾക്കും യാത്ര സുഖമമാകും .ഇടപ്പള്ളിയിൽ നിന്നും പറവൂർ ഭാഗത്തേക്കു അടിപ്പാത വഴി എളുപ്പത്തിൽ കുന്നുംപുറത്തെത്തി പോകാനാകും.രോഗികളുമായി വരുന്ന വാഹനങ്ങൾക്ക് അടിപ്പാതയിലൂടെ കടന്നു നേരിട്ട് അമൃത ആശുപത്രിയിലെത്താനുമാകും .ഇപ്പോൾ റെയിൽവേ മേല്പാലം വഴി കുന്നുംപുറത്തുയെത്തിവേണം പോകാൻ .നാലു കിലോമീറ്ററോളമാണ് പുതിയ വഴി തുറക്കുമ്പോൾ കുറയുന്നത്. റെയിൽവേ മേല്പാലത്തിലെ ഗതാഗത കുരുക്കു കുറക്കാനും ഇത് സഹായകരമാകും .

ക്യാപ്ഷൻ ഇടപ്പള്ളിയിലെ പഴയ റെയിൽവേ ഗേറ്റ് ഭാഗം. ഇവിടെ ആണ് അടിപ്പാത വരുന്നത്