പാലാരിവട്ടം ഫ്ളൈ ഓവർ വെറുമൊരു പാലം മാത്രമല്ലിപ്പോൾ. വിവാദങ്ങളുടെ പുതിയ വർത്തമാനങ്ങൾ അനുദിനം പുറത്തു വന്നുകൊണ്ടിരിക്കുന്നു. പതിറ്റാണ്ടുകൾ ജനങ്ങൾക്ക് പ്രയോജനപ്പെടേണ്ട പാലം വെറും മൂന്നു വർഷത്തിനുള്ളിൽ തകർച്ചയിലേക്കും വിവാദങ്ങളിലേക്കും വഴുതിവീണ ആധുനിക പഞ്ചവടിപ്പാലമായി മാറിയിരിക്കുന്നു. ഉദ്യോഗസ്ഥർ മാത്രമല്ല, രാഷ്ട്രീയ, ഭരണനേതൃത്വങ്ങൾ വരെ പ്രതിസ്ഥാനത്തു നിൽക്കുന്ന ഗുരുതരമായ വീഴ്ചകളുടെ നേർക്കാഴ്ചയാകുന്നു.
എറണാകുളം ജില്ലയിലെ കൊച്ചി കോർപറേഷനിൽ ഉൾപ്പെടുന്ന തിരക്കേറിയ പട്ടണപ്രദേശമാണ് പാലാരിവട്ടം. ഇന്ത്യയുടെ തെക്കേയറ്റത്തുള്ള കന്യാകുമാരി മുതൽ മഹാരാഷ്ട്രയിലെ പനവേൽ വരെ നീണ്ടുകിടക്കുന്ന ദേശീയപാത - 66 ഉം പാലാരിവട്ടം - മൂവാറ്റുപുഴ സംസ്ഥാനപ്പാതയും (പി.കെ റോഡ് ) സന്ധിക്കുന്നിടമാണ് പാലാരിവട്ടം ജംഗ്ഷൻ. കേരളത്തിന്റെ വ്യാവസായിക തലസ്ഥാനമായ കൊച്ചിയിലെ ഏറ്റവും തിരക്കേറിയ ഭാഗമാണ് ദേശീയപാതയുടെ ഭാഗമായ ഇടപ്പള്ളി - അരൂർ ബൈപ്പാസ് കടന്നുപോകുന്നയിടം. എറണാകുളത്തു നിന്ന് ജില്ലാ ആസ്ഥാനമായ കാക്കനാട്ടേക്കും ആലുവയിലേക്കുമുള്ള റോഡുകൾ വേർപിരിയുന്നതും ഇവിടെ നിന്നാണ്. ഇടപ്പള്ളി - പനവേൽ ദേശീയപാതയിൽ നിന്ന് വാഹനങ്ങൾ തെക്കോട്ട് കടന്നു പോകുന്നതും ഇതുവഴിയാണ്. വല്ലാർപ്പാടം അന്താരാഷ്ട്ര കണ്ടെയ്നർ ടെർമിനലിൽ നിന്ന് ചരക്കുകൾ കൊണ്ടുപോകുന്നതും ഈ റോഡിൽക്കൂടിയാണ്. പാലാരിവട്ടത്തു നിന്നു കളമശേരിക്ക് ആറുകിലോമീറ്ററും കാക്കനാട്ടേക്ക് ഏഴുകിലോമീറ്ററുമാണ് ദൂരം. കൊച്ചിയുടെ പടിഞ്ഞാറൻ മേഖലകളിൽ നിന്ന് നിത്യേന പതിനായിരങ്ങൾ ജില്ലാ ആസ്ഥാനമായ കാക്കനാട്ട് എത്തുന്നത് ഈ വഴിയിൽക്കൂടിയാണ്.
സംസ്ഥാനത്തിന്റെ തെക്കുവടക്ക് ചരക്കു ഗതാഗതത്തിന്റെ കേന്ദ്ര ബിന്ദുവുമാണ് പാലാരിവട്ടം ജംഗ്ഷൻ. നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിൽ പെടാതിരിക്കാൻ വാഹനങ്ങൾ കടന്നുപോകുന്നിയിടം. തെക്കുനിന്ന് വല്ലാർപാടത്തേക്കും അവിടെ നിന്ന് തിരിച്ചും ചരക്കുവാഹനങ്ങൾ കടന്നു പോകുന്നത് അരൂർ- ഇടപ്പള്ളി ബെെപ്പാസിൽ കൂടിയാണ്. ജില്ലയുടെ കിഴക്കൻ ഭാഗങ്ങളിൽ നിന്നും ഇടുക്കി, മധുര, തേനി ഭാഗങ്ങളിൽ നിന്നും കൊച്ചി നഗരത്തിലേക്ക് ചരക്കുവാഹനങ്ങളുൾപ്പെടെ കടന്നുപോകുന്ന പാലാരിവട്ടം സിഗ്നൽ ജംഗ്ഷനിൽ മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന ഗതാഗതക്കുരുക്ക് രൂക്ഷമാണ്.
കുരുക്കഴിക്കാൻ െഫ്ളെ ഓവറുകൾ
കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന വാഹനങ്ങളുടെ നീണ്ടനിരയിൽ വീർപ്പുമുട്ടിയകാലം . 2012 ലെ പാർലമെന്റ് സമ്മേളന കാലയളവിൽ ഇരുസഭകളിലേയും കേരളത്തിൽ നിന്നുള്ള എം.പിമാർ തെക്കുവടക്ക് ദേശീയപാതയിലെ ഈ കുരുക്ക് പാർലമെന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നു. എം.പിമാരുടെ നിരന്തര ഇടപെടലുകളുടെ അടിസ്ഥാനത്തിൽ ദേശീയപാത അതോറിറ്റി ഇടപ്പള്ളി, പാലാരിവട്ടം, വൈറ്റില, കുണ്ടന്നൂർ ഫ്ളൈ ഓവറുകളുടെ സാദ്ധ്യതാ പഠനം നടത്തി, റിപ്പോർട്ട് കേന്ദ്ര സർക്കാരിന് നൽകി. പഠന റിപ്പോർട്ടിൽ കേന്ദ്രസർക്കാർ തീരുമാനം വരാനിരിക്കെയാണ് നിർമ്മാണ ചുമതല സംസ്ഥാന സർക്കാർ ഏറ്റെടുക്കാമെന്ന് അറിയിച്ച് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കേന്ദ്രത്തിന് കത്ത് നൽകിയത്.
ദേശീയപാതകളും അവയിൽ ഫ്ളൈ ഓവറുകളും പാലങ്ങളും നിർമ്മിക്കുന്നത് കേന്ദ്ര സർക്കാരാണ്. കോടിക്കണക്കിന് രൂപയാണ് കേരളത്തിൽ നിന്ന് നികുതിയും സെസുമായി കേന്ദ്രം പിരിച്ചെടുക്കുന്നത്. അപൂർവം ചിലയിടങ്ങളിൽ സംസ്ഥാന സർക്കാരുകൾ പകുതി ചെലവ് വഹിക്കാറുണ്ട്. പക്ഷേ നിർമ്മാണ ചുമതല കേന്ദ്രത്തിനായിരിക്കും.
കൊച്ചി കോർപറേഷൻ ജൻറോം പദ്ധതിയിൽപ്പെടുത്തി ഫ്ളൈ ഓവർ നിർമ്മിക്കാൻ മുന്നോട്ട് വന്നിരുന്നു. എൻ.എച്ച്.എ.എെയാണെങ്കിലും ജൻറോം പദ്ധതിയിലാണെങ്കിലും കേന്ദ്ര സർക്കാരിന്റെ നിശ്ചിത മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം. കൊച്ചി കോർപ്പറേഷൻ ജൻറോം പദ്ധതിയിൽപ്പെടുത്തി ഫ്ളെെഓവർ നിർമ്മിക്കാമെന്ന് പറഞ്ഞതിന്റെ പിറ്റേദിവസം തന്നെ അന്നത്തെ പൊതുമാരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് ഫ്ലൈ ഓവർ നിർമ്മിക്കാനുള്ള തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു.
ടോൾപിരിവ് ഒഴിവാക്കാൻ ദേശീയപാതാ അതോറിറ്റിയെ മാറ്റിനിറുത്തുന്നുവെന്നായിരുന്നു ന്യായീകരണം. സംസ്ഥാന സർക്കാരിന് വേണ്ടി റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷനാണ് ആദ്യം ദൗത്യം നിർവഹിച്ചത്. പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ടി.ഒ. സൂരജ് ടെൻഡർ നടപടികൾ ആരംഭിച്ചു. ടി.ഒ. സൂരജിനു പുറമെ കിറ്റ്കോ ജോയിന്റ് ജനറൽ മാനേജർ ബെന്നിപോൾ, റോഡ്സ് ഓൻഡ് ബ്രിഡ്ജ്സ് ഡെവലപ്മെന്റ് കോർപ്പറേഷൻ അഡിഷണൽ ജനറൽ മാനേജർ എം.ടി തങ്കച്ചൻ എന്നിവർ ചേർന്നായിരുന്ന കരാർ വ്യവസ്ഥകൾ തയ്യാറാക്കിയത്. കിറ്റ്കോയായിരുന്നു പദ്ധതിയുടെ കൺസൾട്ടന്റ്. സുമിത് ഗോയൽ മാനേജിംഗ് ഡയറക്ടറായ ആർ.ഡി.എസ് പ്രോജക്ട് എന്ന സ്ഥാപനത്തിനാണ് ഫ്ളൈ ഓവർ നിർമ്മാണത്തിന്റെ കരാർ നൽകിയത്. മുൻകൂർ ഫണ്ട് അനുവദിക്കില്ലെന്നാണ് മറ്റു കരാറുകാരെ അറിയിച്ചിരുന്നത്. അല്ലെങ്കിൽ നിലവിലെ തുകയേക്കാൾ കുറഞ്ഞ തുകയ്ക്ക് മികവു തെളിയിച്ച മറ്റ് കരാറുകാർ ഫ്ളൈ ഓവറിന്റെ കരാർ ഏറ്റെടുക്കാൻ തയ്യാറായിരുന്നു. ആർ.ഡി.എസിന്റെ അപേക്ഷ വിലയിരുത്തിയതും ബെന്നി പോളായിരുന്നു.
ബംഗളൂരു ആസ്ഥാനമായ സ്ട്രക്ചറൽ എൻജിനിയറിംഗ് വിദഗ്ദ്ധൻ സോമദേവ് നാഗേഷിന്റെ ഉടമസ്ഥതയിലുള്ള നാഗേഷ് കൺസൾട്ടൻസിക്കായിരുന്നു ഡിസൈൻ ചുമതല. ഡിസൈൻ അടക്കമുള്ള കാര്യങ്ങൾ പരിശോധിച്ച് അനുമതി നൽകേണ്ട കിറ്റ്കോ വിദഗ്ദ്ധർ വേണ്ടത്ര വിലയിരുത്തൽ നടത്താതെയാണ് രൂപകല്പനയ്ക്ക് അനുമതി നൽകിയതെന്ന് ആരോപണം ഉയർന്നിരുന്നു.
2014 സെപ്തംബറിൽ നിർമ്മാണപ്രവർത്തങ്ങൾ ആരംഭിച്ചു. ആർ.സി.സി ഗർഡറുകളാണ് (റീ ഇൻഫോഴ്സ്ഡ് സിമന്റ് കോൺക്രീറ്റ് ഗർഡർ - സൈറ്റിൽ വച്ച് കോൺക്രീറ്റ് ചെയ്യുന്നത് ) പണിക്ക് ഉപയോഗിച്ചത്. മെട്രോ റെയിൽ നിർമ്മാണത്തിന് പി.എസ്.സി ഗർഡറുകളാണ് ഉപയോഗിച്ചത്. ഉരുക്ക് കേബിളുകളാണ് ഇത്തരം ഗർഡറുകൾ നിർമിക്കാൻ ഉപയോഗിക്കുന്നത്. ആർ.സി.സി. ഗർഡറുകൾക്ക് ഇരുമ്പ് കമ്പികളാണ് ഉപയോഗിക്കുന്നത്. പി.എസ്.സി ഗർഡറുകൾക്ക് ഉറപ്പ് കൂടും. പക്ഷേ, ചെലവും കൂടും. (യാർഡിൽ വച്ച് കോൺക്രീറ്റ് ചെയ്ത് കൊണ്ടുവരുന്നതാണ് പി.എസ്.സി. ഗർഡർ (പ്രീ സ്ട്രസ്ഡ് കോൺക്രീറ്റ് ഗർഡർ) 2016 മാർച്ചിനു മുമ്പ് നിർമ്മാണം പൂർത്തീകരിക്കാനായിരുന്നു കമ്പനിക്ക് സർക്കാർ നൽകിയ നിർദ്ദേശം. ഇതിനായി കരാറുകാരായ ആർ.ഡി.എസ് പ്രോജക്ട് പ്രൈവറ്റ് ലിമിറ്റഡിന് മുൻകൂർ തുകയും അനുവദിച്ചു. 24 മാസം കൊണ്ട് പൂർത്തിയാക്കാൻ കരാർ ചെയ്തത് 18 മാസമായി കുറച്ചപ്പോൾ നിർമ്മാണസാമഗ്രികൾ ശേഖരിക്കാനാണ് അഡ്വാൻസ് തുക കരാറുകാർ ആവശ്യപ്പെട്ടത്. ബാങ്ക് ഗ്യാരന്റി ഈടാക്കി തുക നൽകിയതും ഇപ്പോൾ വിവാദമായി തുടരുകയാണ്.
പണി പൂർത്തിയാക്കിയത് 2016 സെപ്തംബറിലും. ഒക്ടോബർ 12 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചു. ഇരുമുന്നണികളും പാലത്തിന്റെ അവകാശവാദം ഉന്നയിക്കുകയും ചെയ്തു. മൂന്നു വർഷം തികയും മുമ്പേ പാലത്തിന് ബലക്ഷയം കണ്ടതോടെ താത്കാലികമായി അടച്ചു. മദ്രാസ് ഐ.ഐ.ടി ഉൾപ്പെടെ ഫ്ളൈ ഓവർ പരിശോധിച്ച് നവീകരണം നിർദ്ദേശിച്ചു. ഒടുവിൽ മെട്രോമാൻ ഇ. ശ്രീധരന്റെ നിർദ്ദേശപ്രകാരം പാലം പൊളിച്ചുപണിയാനുള്ള ഒരുക്കത്തിലാണ് സർക്കാർ.
( പാലം പണിയിൽ സംഭവിച്ച വീഴ്ചകൾ നാളെ )