chira
ചൂരക്കോട് ചിറ കാടു പിടിച്ച നിലയിൽ അന്ന്

കിഴക്കമ്പലം: ഒരു ഗ്രാമത്തിന്റെ മുഖച്ഛായ മാറ്റുന്ന പ്രവർത്തനങ്ങളുമായി കിഴക്കമ്പലം പഞ്ചായത്ത് മറ്റുപഞ്ചായത്തുകൾക്ക് മാതൃകയായി മുന്നേറുന്നു. കാടുപിടിച്ചു ഉപയോഗയോഗ്യമല്ലാതെ കിടന്നിരുന്ന ചിറകളും തോടുകളും കനാലുകളും കിണറുകളും പഴയ പ്രൗഡി വീണ്ടെടുത്തുകഴിഞ്ഞു.

കൈതനിറഞ്ഞ കിഴക്കമ്പലം പഞ്ചായത്തിലെ 50 സെന്റിനടുത്ത് വരുന്ന ചൂരക്കോട് ചിറയ്ക്ക് ശാപമോക്ഷമായി. കിഴക്കമ്പലം പഞ്ചായത്തിന്റെയും ജനകീയ കൂട്ടായ്മയായ ട്വന്റി 20യുടെയും നേതൃത്വത്തിലാണ് കുളത്തിന്റെ വശങ്ങൾ കെട്ടി സംരക്ഷിച്ച് ഉപയോഗയോഗ്യമാക്കിയത്. വർഷങ്ങളോളം കാടുപിടിച്ചു ഉപയോഗിക്കാനാകാതെ കിടന്ന ചിറയെ പ്രത്യേക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പഞ്ചായത്ത് നവീകരിച്ചത്. ഇതിനായി തൊഴിലുറപ്പ്, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ ഫണ്ടും ഉപയോഗിച്ചിട്ടുണ്ട്.

ചിറയുടെ മുഖം മിനുക്കാൻ 40 ലക്ഷത്തോളം രൂപ ചിലവഴിച്ചിട്ടുണ്ട്. കടുത്ത വേനലിലും വറ്റാത്തചിറ വർഷങ്ങളായി കാടു പിടിച്ച് കിടക്കുകയായിരുന്നു. മൂന്നുമാസം മുമ്പ് തുടങ്ങിയ നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിലാണ് പൂർത്തിയാക്കിയത്.

കാടുകയറിയും സംരക്ഷണ ഭിത്തിയില്ലാതെയും നശിച്ചുകിടന്ന തോടുകളും കനാലുകളും കിണറുകളും ട്വന്റി 20യുടെ നേതൃത്വത്തിൽ വൃത്തിയാക്കുകയും തരിശുഭൂമികൾ കൃഷിയോഗ്യമാക്കുകയും ചെയ്തിട്ടുണ്ട്. അമ്പുനാട് എടന്നക്കാവ് ചിറ, ഞാറള്ളൂർ എത്തേലിക്കുളം, താമരച്ചാൽ ചിറ എന്നിവയുടെ സംരക്ഷണ പ്രവർത്തനങ്ങളുടെ നിർമാണവും പൂർത്തിയായി. കടുത്ത വേനലിലും ശുദ്ധജലത്തിനായി നാട്ടുകാർ ആശ്രയിക്കുന്ന കുളങ്ങളാണ് ഇവ.

# ചിറയിലെ ചെളി പൂർണമായി കോരി മാറ്റി

# അടിവശം മുതൽ കരിങ്കല്ലുകെട്ടി

# മുകളിൽ കോൺക്രീറ്റ് ചെയ്തു

# ചിറയ്ക്ക് ചുറ്റും നടപ്പാതയുമുണ്ടാക്കി

# പൈപ്പ് കൊണ്ട് ചുറ്റുമതിൽ

# കുളിക്കടവ് നന്നാക്കി

# വെള്ളം ഒഴുകാൻ തോട്