മൂവാറ്റുപുഴ: എസ്.എൻ.ഡി.പി യോഗം തൃക്കളത്തൂർ ശാഖയുടെ ആഭിമുഖ്യത്തിൽ മഹാസമാധി ദിനാചരണം വിവിധ പരിപാടികളോടെ ഇന്ന് നടക്കും.ശാഖയുടെ കീഴിലുള്ള ഗുരുദേവ ക്ഷേത്രത്തിൽ രാവിലെ 9 ന് ഗുരുപൂജയോടെ ചടങ്ങുകൾക്ക് തുടക്കമാകും. തുടർന്ന് ഉപവാസം, ഗുരുദേവ കീർത്തനാലാപനം, ഗുരുദേവ കൃതിയെ ആസ്പദമാക്കിയുള്ള കുട്ടികളുടെ കലാപരിപാടികൾ, സമ്മേളനം എന്നിവയ്ക്കുശേഷം വൈകിട്ട് 3.30ന് അന്നദാനം. ശാഖയിലെ എല്ലാ കുടുബാംഗങ്ങളും ഗുരുപൂജയിലും ഉപവാസത്തിലും പങ്കെടുക്കും. രാവിലെ 9ന് നടക്കുന്ന വിശേഷാൽ ഗുരുപൂജയ്ക്ക് ക്ഷേത്രം ശാന്തി രാജേഷ് ശാന്തി മുഖ്യകാർമികത്വം വഹിക്കും. ഉപവാസത്തിന് സമാപനം കുറിച്ച് സമാധി മുഹൂർത്തമായ വെെകിട്ട് 3.30ന് ക്ഷേത്രസന്നിധിയിൽ ദീപം കൊളുത്തിയാണ് ചടങ്ങുകൾക്ക് സമാപനമാകുന്നത്. ചടങ്ങുകൾക്ക് ശാഖാ പ്രസിഡന്റ് ശിവൻ പുളിന്താനം, സെക്രട്ടറി അഖിൽ ആലുങ്കൽ, സംഘാടക സമിതി ഭാരവാഹികളായ സലിം പുത്തൻപുരയിൽ, രാജൻ ആലുങ്കൽ, പൊന്നമ്മ ദിവാകരൻ എന്നിവർ നേതൃത്വം നൽകും.