കൊച്ചി : പൊതുമേഖലാ സ്ഥാപനങ്ങളെ തകർക്കുന്ന സമീപനം കേന്ദ്രം കൈക്കൊള്ളുമ്പോൾ സംസ്ഥാന സ്ഥാപനങ്ങളെ മാതൃകാപരമായി പ്രവർത്തിക്കാൻ എൽ.ഡി.എഫ് സർക്കാർ തയ്യാറാകണമെന്ന് എ.ഐ.ടി.യു.സി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ ആവശ്യപ്പെട്ടു.
കേന്ദ്രസംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിലെ എ.ഐ.ടി.യു.സി. യൂണിയനുകളുടെ സംസ്ഥാന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്രസർക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങൾ രാജ്യത്തെ പ്രതിസന്ധിയിലാക്കി. തൊഴിലില്ലായ്മ രൂക്ഷമാകുകയും ഉത്പാദന മേഖല തകർച്ചയിലുമാണ്. പ്രതിരോധ, ബാങ്കിംഗ് മേഖലകളിൽ തൊഴിലാളികൾ പ്രതിഷേധത്തിലാണ്. ബി.എസ്.എൻ.എൽ. തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിട്ടതുപോലെ പൊതുമേഖലയിലാകെ പിരിച്ചുവിടലിനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഇതിനെതിരെ ജീവനക്കാർ ശക്തമായ പ്രക്ഷോഭത്തിന് തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
കൺവെൻഷനിൽ എ.ഐ.ടി.യു.സി. സംസ്ഥാന വൈസ് പ്രസിഡന്റ് പി. രാജു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ എ.എൻ. രാജൻ, വാഴൂർ സോമൻ, കെ.കെ. അഷ്‌റഫ്, എലിസബത്ത് അസീസി, ആർ. പ്രസാദ്, എറണാകുളം ജില്ലാ സെക്രട്ടറി കെ.എൻ. ഗോപി, ആലപ്പുഴ ജില്ലാ സെക്രട്ടറി വി. മോഹൻദാസ് എന്നിവർ പ്രസംഗിച്ചു. സംസ്ഥാന സെക്രട്ടറി എം.പി. ഗോപകുമാർ ഭാവിപരിപാടികളും എം.എം. ജോർജ് പ്രമേയവും അവതരിപ്പിച്ചു.