metro
മെട്രോ സൗന്ദര്യ വത്ക്കരണം നടത്തിയ ബൈപാസ് അടിപാതയിലെ പാർക്കിംഗ് ഏരിയയിൽ മാലിന്യം കൂട്ടിയിട്ട് കത്തിച്ച നിലയിൽ

ആലുവ: കൊച്ചി മെട്രോ കോടികൾ മുടക്കി നടപ്പാക്കിയ സൗന്ദര്യവത്കരണ പദ്ധതി അധികൃതരുടെ അനാസ്ഥയെ തുടർന്ന് നശിക്കുന്നു. സംരക്ഷിക്കാൻ ആളില്ലാതായതോടെ മാലിന്യങ്ങൾ നിറഞ്ഞും വാഹനങ്ങളുടെ അനധികൃത പാർക്കിംഗിലൂടെയും പദ്ധതി നശിക്കുകയാണ്. കോടിക്കണക്കിന് രൂപയാണ് ഇതുവഴി കൊച്ചി മെട്രോയ്ക്ക് നഷ്ടമാകുന്നത്. അനധികൃത പാർക്കിംഗ്, കൈയേറ്റങ്ങൾ, മാലിന്യം തുടങ്ങിയവയാണ് പ്രധാന പ്രശ്‌നം. ആലുവ മെട്രോ സ്‌റ്റേഷൻ മുതൽ പുളിഞ്ചോട് കവല വരെ ദേശീയപാത ബൈപാസ് റോഡിലാണ് സൗന്ദര്യവത്ക്കരണം നടത്തിയത്. ബൈപാസ് മേല്പാലത്തിന് കീഴിൽ മാർക്കറ്റ് പ്രദേശത്താണ് പ്രധാന സൗന്ദര്യവത്ക്കരണം നടന്നത്. വാക്ക് വേ, സൈക്കിൾ പാത, പൂന്തോട്ടം, പാർക്കിംഗ് ഏരിയകൾ എന്നിവയാണ് പ്രധാന പ്രവർത്തനങ്ങൾ. സർവീസ് റോഡുകൾക്ക് ഇരുവശവും മേല്പാലത്തിന് താഴെയും ഇത്തരം പണികൾ നടത്തിയിട്ടുണ്ട്.

മേല്പാലത്തിന് കീഴിൽ പ്രധാനമായും പാർക്കിംഗ് ഏരിയകളാണ് തയ്യാറാക്കിയിട്ടുള്ളത്. ആലുവ നഗരസഭയുടെ അനാസ്ഥയാണ് നഗരത്തിനും മെട്രോ അധികൃതർക്കും വലിയ നഷ്ടം വരുത്തിവച്ചിരിക്കുന്നത്. നഗരസഭയോ മെട്രോ അധികൃതരോ സൗന്ദര്യവത്കരണ പ്രദേശത്തേക്ക് തിരിഞ്ഞുപോലും നോക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.

 തടസം സൃഷ്ടിച്ച് അനധികൃത പാർക്കിംഗ്

സൗന്ദര്യവത്ക്കരണ ഭാഗങ്ങൾ വലുതും ചെറുതുമായ വാഹനങ്ങളുടെ അനധികൃത പാർക്കിംഗ് ഏരിയയായി മാറിയിട്ടുണ്ട്. വലിയ ലോറികളാണ് ഇതിൽ കൂടുതൽ ദുരിതമാകുന്നത്. ഇവരടക്കം പുൽത്തകിടികൾ, നടപ്പാതകൾ തുടങ്ങിയവ കൈയേറി വാഹനങ്ങൾ പാർക്ക് ചെയ്യുന്നു. ഇതുമൂലം പുല്ലും ചെടികളും വ്യാപകമായി നശിച്ചു. വാക്‌വേകളിലേക്ക് വാഹനങ്ങൾ കയറാതിരിക്കാനുള്ള കുറ്റികളും വശങ്ങളിൽ സ്ഥാപിച്ചിട്ടുള്ള കോൺക്രീറ്റ് കട്ടകളും നശിച്ചിട്ടുണ്ട്. മാലിന്യങ്ങൾ അടിപ്പാതകളിലും പാർക്കിംഗ് ഏരിയകളിലും കൂട്ടിയിട്ട് കത്തിക്കുന്നത് മറ്റൊരു പ്രശ്നമാണ്.

 സൗന്ദര്യവത്ക്കരണത്തിന് 8 ചെലവ് കോടിയോളം