ആലുവ: ജനസംഖ്യ വർദ്ധനവുള്ള മൂന്ന് ഗ്രാമപഞ്ചായത്തുകൾ വിഭജിച്ച് അശോകപുരം ഗ്രാമപഞ്ചായത്ത് രൂപീകരിക്കുന്നതിനുള്ള അണിയറ ശ്രമങ്ങൾ തുടങ്ങി. രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള പിന്തുണ കൂടി ഉറപ്പായാൽ വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പായി ആലുവ താലൂക്കിൽ പുതിയൊരു ഗ്രാമപഞ്ചായത്ത് കൂടി യാഥാർത്ഥ്യമാകും.

ജില്ലയിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള എടത്തല ഗ്രാമപഞ്ചായത്ത്, സമാന സാഹചര്യമുള്ള കീഴ്മാട്, ചൂർണിക്കര ഗ്രാമപഞ്ചായത്തുമാണ് നിർദ്ദിഷ്ട അശോകപുരം ഗ്രാമപഞ്ചായത്തിന്റെ പരിഗണനയിലുള്ളത്. നിലവിൽ മൂന്ന് പഞ്ചായത്തുകളുടെയും സംഗമ പ്രദേശമായ അശോകപുരമാണ് ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനമായി നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്.

#പുതിയ പഞ്ചായത്തിന്റെ പരിഗണനയിലുള്ള വാർഡുകളുൾ

പഞ്ചായത്ത് വാർഡുകൾ

എടത്തല 1,2 ,13,17 ഭാഗികം, 18,19,20,21 എന്നീ വാർഡുകൾ

ചൂർണ്ണിക്കര 7,8,9 വാർഡുകൾ

കീഴ്മാട് 15,16,17,19 വാർഡുകൾ

#എടത്തല പഞ്ചായത്ത്

ജനസംഖ്യ 48908

21 വാർഡുകളിലായി 29232 വോട്ടർ

എ ഗ്രേഡ് നേടിയ ഇവിടെ 1996 മുതൽ ബിൽഡിംഗ് നിർമ്മാണ നിയമം ബാധകമാക്കി.

ജില്ലയിൽ ഏറ്റവും കൂടുതൽ പട്ടികജാതി കോളനികളുമുള്ള ഇവിടെ കെട്ടിട പെർമിറ്റുകളുടെയും ഫ്രണ്ട് ഓഫീസ് സേവനങ്ങളുടെയും കാര്യത്തിൽ സംസ്ഥാനത്ത് തന്നെ തിരക്കിന്റെ കാര്യത്തിൽ ഒന്നാം നിരയിൽ നിൽക്കുന്ന പഞ്ചായത്താണ്. ആവശ്യാനുസരണം ജീവനക്കാരില്ലാത്തതിനാൽ പഞ്ചായത്ത് ഓഫീസ് ഉദ്യോഗസ്ഥർക്ക് അമിതഭാരമാണ്. അതിനാൽ എടത്തലയിലേക്ക് നിയമനം ലഭിക്കുന്ന സെക്രട്ടറിമാരും മറ്റു ഉദ്യോഗസ്ഥരും സ്ഥലം മാറ്റം ചോദിച്ച് വാങ്ങി പോകുകയാണ് പതിവ്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മാത്രം ഏഴ് സെക്രട്ടറിമാർ ഒഴിഞ്ഞുപോയി. പലപ്പോഴും സെക്രട്ടറി കസേര കാലിയായിരിക്കും.

#പുതിയതായി സംസ്ഥാന സർക്കാർ രൂപീകരിക്കാൻ ഉദ്ദേശിക്കുന്ന 40 പഞ്ചായത്തുകളിൽ അശോകപുരവും ഉൾപ്പെട്ടിട്ടുണ്ട്.

#പുതിയ പഞ്ചായത്ത് എന്ന ആശയം

എടത്തല പഞ്ചായത്തിന്റെ ഭൂമിശാസ്ത്രപരമായ വലിപ്പവും സേവന സൗകര്യ കുറവും പരിഗണിച്ചാണ് പുതിയ പഞ്ചായത്ത് എന്ന ആശയം ഉയർന്നത്. നിർദ്ദിഷ്ട പഞ്ചായത്ത് രൂപീകൃതമായാലും താലൂക്ക്, ബ്ലോക്ക് , നിയോജക മണ്ഡലം എന്നിവയിൽ മാറ്റമുണ്ടാകില്ലെന്നതും അനുകൂല ഘടകമാണ്. മാത്രമല്ല, നിലവിലുള്ള മൂന്ന് പഞ്ചായത്തിലും നിർദ്ദിഷ്ട അശോകപുരം പഞ്ചായത്തിലും 17 വാർഡുകൾ വീതമുള്ളത് പഞ്ചായത്ത് രാജ് ആക്ട് പ്രകാരം പ്രവർത്തനങ്ങൾക്ക് അനുയോജ്യവുമാണ്.