ആലുവ: ആലുവ ജില്ലാ ആശുപത്രിയിൽ ലഹരി മാഫിയകൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ കുത്തേറ്റ് ചികിത്സയിൽ കഴിയുന്നവരെ പൊലീസ് കസ്റ്റഡിയിലെടുക്കും. പടിഞ്ഞാറെ കടുങ്ങല്ലൂർ സ്വദേശി കൃഷ്ണപ്രസാദ്, ചൂണ്ടി സ്വദേശി വിശാൽ എന്നിവരെയാണ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുക്കുന്നത്. കൃഷ്ണപ്രസാദ് കളമശേരി മെഡിക്കൽ കോളേജിലും വിശാൽ എറണാകുളം ലേക്ക് ഷോർ ആശുപത്രിയിലും ചികിത്സയിലാണ്.

കുത്തേറ്റ് മരിച്ച ആലുവ യു.സി കോളേജ് വി.എച്ച് കോളനി സതീഷ് ഭവനത്തിൽ ചിപ്പിയുടെ സുഹൃത്തുക്കളാണ് ഇരുവരും. ജില്ലാ ആശുപത്രിയിലെ ലഹരി മുക്ത കേന്ദ്രത്തിലെത്തി മടങ്ങുന്നതിനിടെ ആലുവ കൊടികുത്തുമല മഹിളാസമാജം റോഡിൽ വാടകയ്ക്ക് താമസിക്കുന്ന ചൂണ്ടി ചങ്ങനാംകുഴി വീട്ടിൽ ബിലാൽ എന്ന് വിളിക്കുന്ന മണികണ്ഠനാണ് മൂവരെയും കുത്തിയത്. ചിപ്പി തത്ക്ഷണം മരിച്ചു. മുൻ വൈരാഗ്യത്തിന്റെ തുടർച്ചയായിരുന്നു സംഘർഷം.

സംഭവത്തിന്റെ തലേദിവസവും ഇരുവരും ഏറ്റുമുട്ടിയിരുന്നു. എല്ലാവരും മയക്കുമരുന്നിന് അടിമകളാന്നെങ്കിലും ഇവരിൽ നിന്ന് തെറ്റി സ്വന്തം നിലയിലുള്ള കച്ചവടമായിരുന്നു ബിലാലിന്റേത്. ആവശ്യമെങ്കിൽ ബിലാലിനെയും കോടതി അനുമതിയോടെ കസ്റ്റഡിയിൽ വാങ്ങും.