കൊച്ചി : ജനറൽ ഇൻഷ്വറൻസ് എംപ്ളോയീസ് ഓൾ ഇന്ത്യാ അസോസിയേഷൻ കേരള ഘടകത്തിന്റെ സമ്മേളനം ഇന്ന് (21ശനി ) എറണാകുളം വിമൻസ് അസോസിയേഷൻ ഹാളിൽ നടക്കും. നാലു പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ പങ്കെടുക്കും.

രാവിലെ 9.30 ന് ചേരുന്ന സമ്മേളനം അഖിലേന്ത്യാ ജനറൽ സെക്രട്ടറി കെ. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് കെ. രാമചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിക്കും. റീജനറൽ സെക്രട്ടറി എൻ.സി. ഉണ്ണികൃഷ്ണൻ, ട്രഷറർ കെ.ജി. വിജയൻ, സുഹാസ് പണ്ഡിത് തുടങ്ങിയവർ പ്രസംഗിക്കും.

മത്സരം നേരിടുന്നതിന് നാലു കമ്പനികളെയും ഒരു കോർപ്പറേഷനായി മാറ്റുക, ശമ്പളപരിഷ്കരണം നടപ്പാക്കുക, പങ്കാളിത്ത പെൻഷൻകാർക്ക് കൂടുതൽ ആനുകൂല്യങ്ങൾ അനുവദിക്കുക, ഭാഗികസമയ ജോലിയിൽ നിന്ന് പൂർണ സമയ ജോലിക്കാരായവരുടെ ശമ്പളനിർണയത്തിലെ അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനം ഉന്നയിക്കുമെന്ന് ജനറൽ സെക്രറി കെ. ഗോവിന്ദൻ പറഞ്ഞു.