കൊച്ചി: കാലം മാറിയിട്ടും ചിന്താഗതി മാറാത്ത ഒരു വിഭാഗം ആളുകൾക്കുള്ള മറുപടിയാണ് ഫഹീമ ഷെറിൻ.കോളേജ് ഹോസ്റ്റലുകളിൽ മൊബൈൽ ഫോൺ, കമ്പ്യൂട്ടറുകൾ എന്നിവ ഉപയോഗിക്കുന്നതിൽ നിയന്ത്രണങ്ങൾ പാടില്ലെന്ന ഹൈക്കോടതി വിധി നേടിയെടുത്തത് ഫഹീമയുടെ ഒറ്റയാൾ പോരാട്ടത്തിലൂടെയാണ്. മൊബൈൽ ഫോണിന്റെ ദോഷവശങ്ങൾ മാത്രം ചർച്ചയാവുന്നിടത്ത് അതിനെതിരെ ശബ്ദമുയർത്തിയതിന്റെ പേരിൽ ഹോസ്റ്റലിൽ നിന്ന് പുറത്താക്കിയതു മുതൽ തുടങ്ങിയതാണ് ഫഹീമയുടെ പോരാട്ടം.
മൊബൈൽ ദൈനംദിന ജീവിതത്തിലും പഠനത്തിലും ഒഴിച്ചു കൂടാനാവാത്തതാണെന്നും അവയുടെ ഉപയോഗം തടയുന്നത് മൗലികാവകാശ ലംഘനമാണെന്നും കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയതോടെ തിരിച്ച് ഹോസ്റ്റലിലേക്ക് മടങ്ങാനുള്ള തയാറെടുപ്പിലാണ് ചേളന്നൂർ എസ്.എൻ കോളേജിലെ രണ്ടാം വർഷ ഇംഗ്ലീഷ് ബിരുദ വിദ്യാർത്ഥിനിയായ ഫഹീമ. സംസ്ഥാനത്തെ വനിതാ ഹോസ്റ്റലുകളിൽ വർഷങ്ങളായി പിന്തുടർന്നു പോരുന്ന മൊബൈൽ ഉപയോഗ നിയന്ത്രണങ്ങൾ ഉൾപ്പെടെയുള്ള അലിഖിത ചട്ടങ്ങൾക്കെതിരെ പോരാടി വിജയം നേടിയ ഫഹീമ ഷെറിൻ തന്റെ പോരാട്ടത്തെ കുറിച്ച് 'ഫ്ലാഷി'നോട് സംസാരിക്കുന്നു:
ലാപ്‌ടോപ്പിനും വിലക്ക്
പഠിക്കാൻ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണും ലാപ്‌ടോപ്പും അടക്കം ആറു മണിക്ക് ശേഷം ഹോസ്റ്റൽ അധികൃതർ വാങ്ങി വയ്ക്കുന്നതിന് എതിരെയാണ് ഫഹീമ ശബ്ദമുയർത്തിയത്. 'ഒന്നാം വർഷം തന്നെ ഹോസ്റ്റലിൽ രാത്രി പത്ത് മണി മുതൽ രാവിലെ 6 വരെ മൊബൈൽ ഫോൺ വാങ്ങി വയ്ക്കും. ഇതിനെതിരെ കോളേജ് അധികൃതരെ സമീപിച്ചപ്പോഴാണ് അടുത്ത വർഷം മുതൽ നിയന്ത്രണം നീക്കാമെന്ന് ഉറപ്പു നൽകിയത്. എന്നാൽ, പിന്നീട് വിലക്ക് ലാപ്‌ടോപ്പിലേക്ക് കൂടി നീങ്ങുകയയായിരുന്നു. ഇതിനെതിരെ ശബ്ദമുയർത്തിയതോടെ കോളേജിൽ നിന്ന് പുറത്താക്കി. രക്ഷിതാക്കളോട് കോളേജിൽ വരാൻ ആവശ്യപ്പെടുകയും നിയമങ്ങൾ പാലിക്കാൻ കഴിയില്ലെങ്കിൽ കോളേജ് ഹോസ്റ്റലിൽ നിന്ന് നിർബന്ധമായും വെക്കേറ്റ് ചെയ്യാനായിരുന്നു ആവശ്യപ്പെട്ടത്. പ്രശ്നത്തിൽ സുഹൃത്തുകളും കോളേജിലെ മറ്റ് വിദ്യാർത്ഥികളും അദ്ധ്യാപകരും പിന്തുണ അറിയിച്ച് ഒപ്പം നിന്നു'.
പഠനത്തിന് ഉപയോഗിച്ചിരുന്നു
സയൻസിൽ ബിരുദ പഠനം തുടങ്ങി സാഹിത്യത്തോടുള്ള ഇഷ്ടം കൊണ്ട് പാതി വഴിയിൽ പഠനം ഉപേക്ഷിച്ച് ഇംഗ്ലീഷ് ബിരുദമെടുക്കാൻ തയാറാവുകയായിരുന്നു. കുഞ്ഞുനാൾ മുതലേ വായനയോടായിരുന്നു പ്രിയം. അതിനാൽ ഫോണും ലാപ്ടോപ്പും അതിനായി ഉപയോഗിച്ച് പോന്നു. പഠനത്തിനും മറ്റുള്ളവരിൽ നിന്ന് പഠന ഭാഗങ്ങൾ ഫോണിലൂടെ വാങ്ങിയുമാണ് സ്റ്റഡി മെറ്റീരിയലുകൾ തയാറാക്കിയിരുന്നത്. ഇതുപോലും ചെയ്യാൻ പറ്റാത്ത സ്ഥിതിയായി. പഠിക്കാൻ ഇവ ഉപയോഗിക്കാൻ കഴിയുന്ന സാഹചര്യമുണ്ടാവണമെന്ന് മാത്രമാണ് ആഗ്രഹിച്ചത്.
നിയമ പോരാട്ടം
സമയക്രമം കൊണ്ടുവന്നപ്പോൾ ആദ്യം കോളേജ് അധികൃതരോടാണ് പരാതിപ്പെട്ടത്. ഹോസ്റ്റൽ വാർഡന്റെ ചുമതലയുള്ള കോളേജ് പ്രിൻസിപ്പലിനോട് പരാതിപ്പെട്ടു. നിയമവശം സൂചിപ്പിച്ചപ്പോൾ വേറെ ഹോസ്റ്റൽ നോക്കിക്കോളൂ എന്നു പറഞ്ഞ് രക്ഷകർത്താവിനെ വിളിപ്പിച്ചു. വാർത്തകൾ വന്നു തുടങ്ങിയപ്പോഴാണ് ഹോസ്റ്റലിൽ നിന്നും നിർബന്ധമായും വെക്കേറ്റ് ചെയ്യണമെന്ന് കത്തു കിട്ടിയത്. അങ്ങനെയാണ് കോടതിയിൽ പോകുന്നത്. വിഷ്ണു പ്രണോയ് വിഷയം ഉണ്ടായ കാലത്ത് വിദ്യാർത്ഥികൾക്ക് കോളേജുമായുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാനായി നിയമവിദ്യാർത്ഥികളും കുറച്ച് അഭിഭാഷകരും ചേർന്നുണ്ടാക്കിയ സംഘടനയായ ലീഗൽ കളക്ടീവ് ഫോർ സ്റ്റുഡന്റ്‌സ് റൈറ്റ്‌സ് എന്ന സംഘടനയാണ് നിയമ സഹായം നൽകിയത്.
ഒപ്പം നിന്നത് ഉപ്പ
ആദ്യാവസാനം വരെ ഒപ്പം ഉറച്ചു നിന്നത് ഉപ്പ ഹക്‌സർ ആർ.കെയാണ്. ദുരുപയോഗം ചെയ്യുമെന്ന ഭയംകൊണ്ട് ഗുണകരമായവയെ മാറ്റി നിറുത്തുന്നത് ശരിയല്ലെന്ന നിലപാടാണ് ഉപ്പയ്ക്കുള്ളത്. അറിവു നേടാനും വാർത്തകൾ കൈമാറാനും തുടങ്ങി, സമൂഹത്തിന്റെ എല്ലാ മേഖലയിലും സ്വാധീനം ചെലുത്തുന്ന സാങ്കേതിക വിദ്യയെ അകറ്റി നിറുത്തുന്നത് ശരിയല്ല. തനിക്ക് വ്യക്തിയെന്ന നിലയിലുള്ള എല്ലാവിധ സ്വാതന്ത്ര്യവും ഉപ്പ നൽകിയിട്ടുണ്ട്.