hg1

കൊച്ചി : പിറവം സെന്റ് മേരീസ് വലിയപള്ളിയിൽ ഓർത്തഡോക്സ് പുരോഹിതർക്ക് മതപരമായ ചടങ്ങുകൾ നടത്താനും വിശ്വാസികൾക്ക് ചടങ്ങിൽ പങ്കെടുക്കാനും പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. സുപ്രീംകോടതിയുടെ അനുകൂല വിധിയുണ്ടായിട്ടും യാക്കോബായ വിഭാഗം പള്ളിയിൽ കയറുന്നത് തടയുന്നെന്ന് ചൂണ്ടിക്കാട്ടി ഓർത്തഡോക്‌സ് പുരോഹിതരായ ഫാ. സ്കറിയ വട്ടക്കാട്ടിൽ, ഫാ. മാത്യു വട്ടക്കാട്ടിൽ, ഫാ. മാത്യൂസ് കാഞ്ഞിരംപാറ തുടങ്ങിയവർ നൽകിയ ഹർജിയിലാണ് ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം. ഇവരെ യാക്കോബായ വിഭാഗം തടയുന്നില്ലെന്ന് പൊലീസ് ഉറപ്പാക്കണം.

തങ്ങളെ തടയാൻ യാക്കോബായ വിഭാഗം പള്ളി ഗേറ്റ് പൂട്ടുന്നെന്നും സുപ്രീംകോടതി വിധിയനുസരിച്ച് പള്ളി ഭരണം ഏറ്റെടുക്കാൻ അനുവദിക്കുന്നില്ലെന്നുമായിരുന്നു ഹർജിക്കാരുടെ ആരോപണം. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാൻ ആവശ്യപ്പെടുമ്പോൾ ആത്മീയാവകാശവുമായി ബന്ധപ്പെട്ട വാദങ്ങൾക്ക് പ്രസക്തിയില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. പിറവം വലിയപള്ളിയിൽ ക്രമസമാധാന പ്രശ്നങ്ങളുണ്ടാവുമെന്നാണ് സർക്കാരിന്റെ വാദത്തിൽ നിന്ന് മനസിലാകുന്നത്.

സുപ്രീംകോടതി വിധി നടപ്പാക്കാൻ പൊലീസ് നേരത്തേ സമർപ്പിച്ച 18 നിർദ്ദേശങ്ങളെക്കുറിച്ച് ഇപ്പോൾ അഭിപ്രായം പറയുന്നില്ല. എന്നാൽ യാഥാർത്ഥ്യങ്ങൾ മനസിലാക്കി ക്രമസമാധാന പ്രശ്നങ്ങൾ കൈകാര്യം ചെയ്യണം. എങ്ങനെ ചെയ്യണമെന്നോ അനിഷ്ട സംഭവങ്ങളെ എങ്ങനെ നേരിടണമെന്നോ പറയുന്നില്ല. നിയമാനുസൃതമായ നടപടികൾ പൊലീസിന് സ്വീകരിക്കാം - ഹൈക്കോടതി വ്യക്തമാക്കി.

പൊലീസ് സംരക്ഷണ ഹർജി പരിഗണിക്കവേ, ഹാരിസണിന്റെ ഭൂമിയിൽ അതിക്രമിച്ചു കയറിയ സമരക്കാരെ ഒഴിപ്പിക്കാൻ നിർദ്ദേശിച്ചുള്ള ഹൈക്കോടതി വിധി സ്റ്റേറ്റ് അറ്റോർണി ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയ്ക്ക് സമർപ്പിച്ചിരുന്നു. പൊലീസിന് പ്രവർത്തന സ്വാതന്ത്ര്യമുണ്ടെന്ന് ഈ വിധിയിൽ പറയുന്നുണ്ടെന്ന് ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.

പൊലീസിൽ നിന്ന് നിഷ്ക്രിയത്വമല്ല പ്രതീക്ഷിക്കുന്നത്. പൊലീസിന് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിയാനാവില്ല. ബാഹ്യമായ പരിഗണനകൾക്ക് വശംവദരാകാതെ നിയമപരമായ നടപടികൾ സ്വീകരിക്കണം.