maradu

കൊച്ചി : മരടിലെ അനധികൃത ഫ്ളാറ്റുകൾ സമയബന്ധിതമായി പൊളിച്ചുനീക്കാനുള്ള സുപ്രീംകോടതി വിധിയെത്തുടർന്നാണ് ഫ്ളാറ്റുകൾ ഒഴിപ്പിക്കാൻ നഗരസഭ നോട്ടീസ് നൽകിയതെന്നും ഇതിനെതിരെ സുപ്രീംകോടതിയെയാണ് സമീപിക്കേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി.

തീരസംരക്ഷണ നിയമം ലംഘിച്ചു നിർമ്മിച്ച അഞ്ചു ഫ്ളാറ്റുകളിലെ താമസക്കാരെ ഒഴിപ്പിക്കാൻ മരട് നഗരസഭ നോട്ടീസ് നൽകിയതിനെതിരെ ഗോൾഡൻ കായലോരത്തിലെ ഫ്ളാറ്റ് ഉടമ എം.കെ. പോൾ നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ച് ഇക്കാര്യം വാക്കാൽ പറഞ്ഞത്.

സുപ്രീംകോടതി വിധിക്കെതിരായ ഹർജിയാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി രജിസ്ട്രി കേസ് നമ്പർ നൽകിയില്ലെന്നും സുപ്രീംകോടതി വിധയെയല്ല, നഗരസഭ ചട്ടങ്ങൾ പാലിക്കാതെ നോട്ടീസ് നൽകിയതിനെയാണ് ചോദ്യം ചെയ്യുന്നതെന്നും ഹർജിക്കാരന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. എന്നാൽ കേസ് നമ്പർ നൽകണമെന്ന് രജിസ്ട്രിയോടു നിർദ്ദേശിക്കാനാവില്ലെന്ന് സിംഗിൾബെഞ്ച് പറഞ്ഞു. ഫ്ളാറ്റ് ഒഴിപ്പിക്കാൻ സാധാരണഗതിയിൽ നൽകുന്ന നോട്ടീസല്ല നഗരസഭ നൽകിയത്. നിശ്ചിതസമയത്തിനകം ഫ്ളാറ്റുകൾ പൊളിച്ചുനീക്കണമെന്ന സുപ്രീംകോടതിയുടെ വിധിയുടെ അനന്തര നടപടിയാണിത്. തുടർന്ന് ഹർജി അടുത്ത ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി.

നഗരസഭ നോട്ടീസ് നൽകിയതിനെതിരെ ഹോളി ഫെയ്‌ത്ത് എച്ച് ടു ഒ ഫ്ളാറ്റ് ഉടമ റിട്ട. കേണൽ കെ.കെ. നായർ കഴിഞ്ഞദിവസം നൽകിയ ഹർജിയും ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി. തീരസംരക്ഷണ നിയമത്തിനു വിരുദ്ധമായി നിർമ്മിച്ച ഫ്ളാറ്റുകൾ പൊളിച്ചുകളയാനായി അഞ്ചു ദിവസത്തിനുള്ളിൽ ഇവിടെനിന്ന് ഒഴിഞ്ഞുപോകാൻ നഗരസഭ ബിൽഡർമാർക്കാണ് നോട്ടീസ് നൽകിയതെന്നും ഫ്ളാറ്റുടമകളായ തങ്ങൾക്ക് നോട്ടീസ് നൽകിയില്ലെന്നുമാണ് ഹർജിക്കാരുടെ വാദം. കേരള മുനിസിപ്പാലിറ്റി ബിൽഡിംഗ് ചട്ടപ്രകാരം ഒഴിപ്പിക്കണമെങ്കിൽ മുൻകൂർ നോട്ടീസ് നൽകി തങ്ങളുടെ വാദം കേൾക്കണമെന്നുണ്ടെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.